കോഴിക്കോട്-വയനാട് തുരങ്കപാത നിര്‍മാണം; സ്ഥലമേറ്റെടുക്കല്‍ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി


കോഴിക്കോട്: ആനക്കാംപൊയില്‍ -കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്കായി സ്ഥലമേറ്റെടുക്കല്‍ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഏറ്റെടുത്ത ഭൂമിയുടെ ഉടമകളില്‍ ചിലര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേചെയ്തത്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍നിന്ന് വയനാട്ടിലെത്താനുള്ള എളുപ്പമാര്‍ഗമാണ് പുതിയ തുരങ്കപാതയിലൂടെ ലക്ഷ്യമിടുന്നത്.

തുരങ്കപാതയ്ക്കായി ഏറ്റെടുത്ത ഭൂമിയുടെ സമീപത്ത് യാതൊന്നും ചെയ്യാന്‍കഴിയാതെയുള്ള ഭൂമികൂടി ഏറ്റെടുക്കണമെന്ന ആവശ്യം ചിലഭുവുടമകള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍, അതിന് തയ്യാറാകാതെ നഷ്ടപരിഹാരം നല്‍കാനുള്ള നടപടികളിലേക്ക് കടന്നു. തുടര്‍ന്ന് ഉടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സ്റ്റേ പുറപ്പെടുവിപ്പിച്ചത്.

തുരങ്കനിര്‍മാണത്തിനിടെ ഉണ്ടാകുന്ന അവശിഷ്ട്ടങ്ങള്‍ സൂക്ഷിക്കുന്നതിനായാണ് പരാതിക്കാരുടെ സ്ഥലം ഏറ്റെടുത്തത്. ഇവിടെ മാലിന്യം നിക്ഷേപിക്കുമ്പോള്‍ ബാക്കിയുള്ള സ്ഥലം ഉപയോഗ ശൂന്യമാകുമെന്നും കളക്ടര്‍ കണ്ടെത്തിയിരുന്നു. പരാതിക്കാര്‍ നല്‍കിയ ഹര്‍ജി രണ്ടുതവണ ഹൈക്കോടതി പരിഗണിച്ചിട്ടും സര്‍ക്കാര്‍ ഇതിനെതിരേ പ്രതികരിച്ചിട്ടില്ലെന്ന് പരാതിക്കാര്‍ പറയുന്നത്.

കോഴിക്കോട്, വയനാട് ജില്ലകളില്‍ പൊതുജനങ്ങളില്‍നിന്ന് ഭൂമി ഏറ്റൈടുപ്പുമായി ബന്ധപ്പെട്ടുളള തെളിവെടുപ്പ് നടത്തിയപ്പോള്‍ കോഴിക്കോട്ടുനിന്ന് ചില പരാതികളുണ്ടായതായും വയനാട്ടില്‍ പരാതിയൊന്നും ഉയര്‍ന്നില്ലെന്നാണ് തുരങ്ക പാതയുടെ ചുമതലയുളള കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ അധികൃതര്‍ പറയുന്നത്.

ടണല്‍ തുടങ്ങുന്ന ആനക്കാംപൊയില്‍ ഭാഗത്ത് തിരുവമ്പാടി, കോടഞ്ചേരി വില്ലേജുകളിലെ 7.6586 ഹെക്ടര്‍ ഭൂമിയും അവസാനിക്കുന്ന മീനാക്ഷി ബ്രിഡ്ജ് ഭാഗത്ത് കോട്ടപ്പടി, മേപ്പാടി വില്ലേജുകളിലായി 4.8238 ഹെക്ടര്‍ ഭൂമിയുമാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. പതിനൊന്ന് ഹെക്ടറോളം സ്വകാര്യഭൂമിയാണ് ഏറ്റെടുക്കുന്നത്. നിര്‍മാണത്തിനായി ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്.