അവധിക്കാലം ആഘോഷിക്കുന്നതിനിടെ നിനച്ചിരിക്കാതെ ദുരന്തം; ഛർദ്ദിയെ തുടർന്ന് മരിച്ച ചങ്ങരോത്ത് എം.യു.പി സ്കൂൾ വിദ്യാർത്ഥി അഹമ്മദ് ഹസൻ രിഫായിക്ക് കണ്ണീരോടെ വിട നൽകി നാട്


Advertisement

പേരാമ്പ്ര: ഛർദ്ദി വന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോഴും വയറിന് പിടിക്കാത്തത് എന്തോ കഴിച്ചതിനാലാകുമെന്നാണ് എല്ലാവരും ആദ്യം കരുതിയത്. എന്നാൽ പൊന്നോമനെയെ എന്നന്നേക്കുമായി കവർന്നെടുക്കുമെന്ന് അവർ സ്വപ്നത്തിൽപോലും കരുതിയില്ല. ഛർദ്ദിയെ തുടർന്ന് അന്തരിച്ച അരിക്കുളത്തെ കുഞ്ഞ് അഹമ്മദ് ഹസന്‍ രിഫായിക്ക് കണ്ണീരോടെ യാത്രാമൊഴിയേകി നാട്.

Advertisement

ചങ്ങരോത്ത് എം.യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു അഹമ്മദ്. സ്കൂൾ അടച്ചതോടെ അവധിക്കാലം സഹോദരങ്ങൾക്കൊപ്പം ആഘോഷമാക്കുകയായിരുന്നു. അങ്ങനെയിരിക്കെയാണ് ഇന്നലെ അരിക്കുളത്തെ കടയിൽ നിന്ന് വാങ്ങിച്ച ഐസ്ക്രീം കഴിക്കുന്നത്. ഇതിന് പിന്നാലെ ഛർദ്ദി അനുഭവപ്പെടുകയായിരുന്നു. വീടിന് സമീപത്തെ ക്ലിനിക്കിലും പിന്നീട് മേപ്പയൂരിലും കാണിച്ചു. പരിശോധനയ്ക്ക് ശേഷമവർ മരുന്നും നൽകി. നാളെയ്ക്ക് അസൂഖം ഭേദമാകുമെന്നവർ മകനെ പറഞ്ഞ് ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു.

Advertisement

ഇന്ന് പുലർച്ച കുട്ടിയുടെ സ്ഥിതി വീണ്ടും മോശമായതോടെയാണ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തുടർന്ന് അവിടെ നിന്നും കോഴിക്കോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ പ്രതിരോധ മരുന്നുകൾക്കൊന്നും പിടിനൽകാതെ അവൻ എന്നന്നേക്കുമായി യാത്രയായി.

അസൂഖം ഭേദമായി വരുന്ന സ​ഹോദരനെ കാത്തിരുന്നവർക്ക് അരികിലേക്ക് ഇന്നവൻ വീണ്ടുമെത്തി. അടിപിടികൂടാനോ സ്നേഹം പങ്കുവെക്കാനൊ അല്ല. നിറകണ്ണുകളാൽ അവസാനമായി അഹമ്മദിനെ അവർ കണ്ടു. കുടുംബാം​ഗങ്ങൾക്കൊപ്പം പ്രിയ ​ഗുരുക്കന്മാരും സുഹൃത്തുക്കളുമെത്തിയിരുന്നു. എന്തുപറയണമെന്നറിയാതെ ഉള്ളുനീറിനിൽക്കുന്ന കാഴ്ച നൊമ്പരമായി.

Advertisement

ഇന്നലെയാണ് ഐസ്ക്രീം കഴിച്ചതിനെ തുടർന്ന് കോറോത്ത് മുഹമ്മദലിയുടെ മകന്‍ അഹമ്മദ് ഹസന്‍ രിസായിക്ക് ഛർദ്ദി അനുഭവപ്പെടുന്നത്. വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും ഇന്ന് മരണം സംഭവിക്കുകയായിരുന്നു. കുട്ടി ഐസ്ക്രീം വാങ്ങിച്ച കടയില്‍ നിന്ന് ശേഖരിച്ച ഐസ്‌ക്രീം സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതായി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഈ പരിശോധനയുടെ ഫലം വന്നാല്‍ മാത്രമാണ് ഐസ്‌ക്രീം കാരണമാണോ കുട്ടിക്ക് ഛര്‍ദ്ദി ഉണ്ടായത് എന്ന കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാകൂ. കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം കഴിഞ്ഞെങ്കിലും റിപ്പോര്‍ട്ട് വരും ദിവസങ്ങളിലേ പുറത്ത് വരൂ. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ മരണകാരണം കൂടി അറിഞ്ഞാല്‍ മാത്രമേ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്ന് അറിയാന്‍ സാധിക്കൂ. അതേസമയം മറ്റാര്‍ക്കും ഇതുവരെ ആരോഗ്യ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അധികൃതര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

Also Read: അരിക്കുളത്ത് ഛര്‍ദ്ദിയെ തുടര്‍ന്ന് കുട്ടി മരിച്ച സംഭവം: ഐസ്‌ക്രീം വാങ്ങിയ കട അടപ്പിച്ചു, സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു