ഉള്ള്യേരിയില്‍ സ്ഥലം ഡിജിറ്റല്‍ സര്‍വേ ചെയ്യുന്നതിന് കൈക്കൂലി വാങ്ങിയ കേസ്; ഒരാള്‍കൂടി അറസ്റ്റില്‍


ഉള്ള്യേരി: ഡിജിറ്റല്‍ സര്‍വേക്ക് കൈക്കൂലി ആവശ്യപ്പെട്ട പരാതിയില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഉള്ള്യേരി വില്ലേജിലെ ഡിജിറ്റൽ സർവേയുമായി ബന്ധപ്പെട്ട് മുണ്ടോത്ത്‌ പ്രവർത്തിച്ചുവരുന്ന റീസർവേ സൂപ്രണ്ട് ഓഫീസിലെ സെക്കന്‍ഡ് ഗ്രേഡ് സർവേയര്‍ നായര്‍കുഴി പുല്ലുംപുതുവയല്‍ എം.ബിജേഷിനെയാണ് (36) കോഴിക്കോട് വിജിലന്‍സ് ഡി.വൈ.എസ്.പി കെ.ബിജു അറസ്റ്റ് ചെയ്തത്.

കൈക്കൂലി വാങ്ങുന്നതിനിടെ തിങ്കളാഴ്ച വൈകീട്ട് ഇതേ ഓഫീസിലെ ഫസ്റ്റ് ഗ്രേഡ് സർവേയർ നരിക്കുനി സ്വദേശി എൻ.കെ മുഹമ്മദിനെ ഉള്ള്യേരിയിലെ ബേക്കറിയിൽ വെച്ച് വിജിലൻസ് പിടികൂടിയിരുന്നു. മുഹമ്മദിന്റെയും പരാതിക്കാരന്റെയും മൊഴിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് വിജിലന്‍സ് ഓഫീസില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തതിനു ശേഷമായിരുന്നു ബിജേഷിന്റെ അറസ്റ്റ്.

നാറാത്ത് സ്വദേശിയുടെ അനുജന്റെ പേരിലുള്ള അഞ്ച് ഏക്കർ 45 സെന്റ് സ്ഥലം ഡിജിറ്റൽ സർവേ ചെയ്തപ്പോൾ അളവിൽ കുറവ് വന്നിരുന്നു. ഇത് പരിഹരിക്കുന്നതിനായി വീണ്ടും ഡിജിറ്റൽ സർവേ നടത്തുന്നതിന്‌ 25000 രൂപയാണ്‌ കൈക്കൂലിയായി പരാതിക്കാരനില്‍ നിന്നും ആവശ്യപ്പെട്ടത്‌. തുടര്‍ന്ന്‌ പരാതിക്കാരനില്‍ നിന്നും പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ്‌ മുഹമ്മദിനെ പിടികൂടിയത്‌. രണ്ട്‌ പ്രതികളെയും കോടതിയിൽ ഹാജരാക്കിയ ശേഷം രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

Description: Case of taking bribe for digital survey of land in Ullyeri; One more person arrested