സംസ്ഥാനത്ത് കാര്‍ഡ് മസ്റ്ററിങ് വീണ്ടും നിര്‍ത്തിവെച്ചു; റേഷന്‍ വിതരണം സാധാരണ നിലയില്‍ നടക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് വീണ്ടും നിര്‍ത്തിവെച്ചു. റേഷന്‍ വിതരണം എല്ലാ കാര്‍ഡുകാര്‍ക്കും സാധാരണ നിലയില്‍ നടക്കും.
റേഷന്‍ മസ്റ്ററിങ്ങിനിടെ സാങ്കേതിക തകരാര്‍ ആവര്‍ത്തിച്ചത് റേഷന്‍വിതരണത്തെ താളംതെറ്റിച്ചിരുന്നു. ബന്ധപ്പെട്ട സാങ്കേതിക തകരാറുകള്‍ പരിഹരിക്കാന്‍ എന്‍.ഐ.സിക്കും ഐ.ടി മിഷനും കൂടുതല്‍ സമയം വേണ്ടി വരുന്നതിനാലാണ് നിര്‍ത്തിവച്ചതെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. മുഴുവന്‍ മുന്‍ഗണനാ കാര്‍ഡ് അംഗങ്ങള്‍ക്കും മസ്റ്ററിങ് ചെയ്യുന്നതിന് ആവശ്യമായ സമയവും സൗകര്യവും ഒരുക്കുമെന്നും ആശങ്ക വേണ്ടെന്നും മന്ത്രി അറിയിച്ചു.
സാങ്കേതിക തകരാര്‍ പൂര്‍ണമായി പരിഹരിച്ചതായി എന്‍.ഐ.സിയും ഐ.ടി മിഷനും അറിയിച്ച ശേഷം മാത്രമേ മസ്റ്ററിങ് പുനരാരംഭിക്കൂ. തുടര്‍ച്ചയായുണ്ടാകുന്ന സര്‍വര്‍ തകരാറിനെ തുടര്‍ന്ന് മസ്റ്ററിങ് ഒറ്റ ഘട്ടമായി പൂര്‍ത്തിയാക്കുന്നതിനു പകരം ഘട്ടം ഘട്ടമായി നടത്താന്‍ സര്‍ക്കാര്‍ ശ്രമം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്നും നാളെയും മഞ്ഞ കാര്‍ഡുകാര്‍ക്ക് മാത്രം മസ്റ്ററിങ് ഏര്‍പ്പെടുത്തിയത്.