‘ആകാശത്ത് തീഗോളങ്ങൾ ഉയരുന്നതും പുകക്കോട്ടകൾ മഞ്ഞു മലകളെ വിഴുങ്ങുന്നതും ഡോക്ടറുടെ മെഡിക്കൽ സംഘത്തിന് കാണാമായിരുന്നു; മുറിവേറ്റ് പിടയുന്ന ജവാന്മാരെ ഒന്നിനു പുറകെ മറ്റൊന്നായി ക്യാമ്പിലേക്ക് എത്തിച്ചുകൊണ്ടിരുന്നു’; അൻപത് വർഷങ്ങൾക്ക് ശേഷം കാശ്മീരിലെ ഗുൽമാർഗ് സൈനിക മേഖല സന്ദർശിച്ചതിന്റെ അനുഭവങ്ങൾ എഴുതുന്നു കൊയിലാണ്ടിയുടെ സ്വന്തം ശിശുരോഗ വിദഗ്ധൻ ക്യാപ്റ്റൻ ഗോപിനാഥ്
പി.എസ് കുമാർ കൊയിലാണ്ടി
കൊയിലാണ്ടി: ആയുസ്സിന്റെ ചുരുങ്ങിയ കാലമെങ്കിലും ഇന്ത്യൻ സൈന്യത്തിന്റെ ആരോഗ്യ പരിരക്ഷക്ക് വേണ്ടി സേവന നിരതനാകാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യം നെഞ്ചേറ്റിയാണ് ക്യാപ്റ്റൻ ഡോ. ഗോപിനാഥ് കാശ്മീരിലെ ഗുൽമാർഗ് സൈനിക മേഖലയിൽ വീണ്ടുമെത്തിയത്. അമ്പത് വർഷത്തെ ഇടവേളക്ക് ശേഷമുള്ള ഒരു എത്തിനോട്ടം.
ഒരു കാലത്ത് തന്റെ പട്ടാള ബൂട്ടുകൾ പതിഞ്ഞ ഹിമവഴികൾ താണ്ടവെ ആ പട്ടാള ഡോക്ടരുടെ മനസ്സ് യൗവ്വനം വീണ്ടെടുത്ത് പുറകോട്ട് കുതിച്ചു. ശത്രുരാജ്യത്തിനെതിരെ പൊരുതി വീണ സഹസൈനികരുടെ ദീർഘനിശ്വാസം പതഞ്ഞുയരുന്ന മഞ്ഞുമലകൾ ഒരിക്കൽ കൂടി ഡോക്ടറുടെ മനസ്സിൽ ഒരു യുദ്ധകാലത്തിന്റെ കനൽ സ്മൃതികൾ കോരിയിടുകയായിരുന്നു.
കാശ്മീർ സന്ദർശനത്തിനിടെ ഗുൽമാർഗിലെ പ്രസിദ്ധമായ മഹാറാണി ക്ഷേത്ര ദർശനം കഴിഞ്ഞ് കൊയിലാണ്ടിയിലെ വസതിയിൽ തിരിച്ചെത്തിയ ക്യാപ്റ്റൻ ഗോപിനാഥ് സൈനിക ജീവിതത്തിലെ മറക്കാനാവാത്ത ഓർമ്മകൾ ഒരിക്കൽ കൂടി ചികഞ്ഞെടുത്തു.
1971ലെ ഇന്ത്യ – പാക് യുദ്ധത്തിന്റെ തുടക്കം. ലക്നൗവിലെ കമാന്റ് ഹോസ്പിറ്റലിൽ മെഡിക്കൽ ഓഫീസറായി സേവനം തുടങ്ങിയിട്ട് ചുരുങ്ങിയ മാസങ്ങൾ. അപ്രതീക്ഷിതമായാണ് ആ സൈനിക സന്ദേശം ലഭിച്ചത്. ഗുൽമാർഗിലെ സെക്കന്റ് ഗാർഡ് ബറ്റാലിയന് കീഴിൽ താൻ ഉൾപ്പെടുന്ന കമ്പനിയെ ഉറിയിലെ ഫീൽഡ് ഏരിയായിലേക്ക് നിയോഗിച്ചിരിക്കുന്നു. ഉടനെ റിപ്പോർട്ട് ചെയ്യണം. നിശ്ചിത സമയത്തിനുള്ളിൽ മെഡിക്കൽ സാമഗ്രികളുമായി സഹസൈനികരോടൊപ്പം ഫീൽഡിലെ ലക്ഷ്യസ്ഥാനത്തെത്തി. പാക്കിസ്ഥാന്റെ അധീനതയിലുള്ള ഒരു മലമടക്ക് പിടിച്ചെടുക്കാനുള്ള നീക്കമായിരുന്നു അത്.
പന്ത്രണ്ടായിരം അടി ഉയരത്തിലുള്ള മലമടക്കുകൾക്കിടയിൽ ഇന്ത്യൻ സൈനികർ അപ്പോഴും പോരാടിക്കൊണ്ടിരുന്നു. ആകാശത്ത് തീഗോളങ്ങൾ ഉയരുന്നതും പുകക്കോട്ടകൾ മഞ്ഞു മലകളെ വിഴുങ്ങുന്നതും താഴ് വാരത്ത് ക്യാമ്പ് ചെയ്തു കൊണ്ടിരുന്ന ഡോക്ടറുടെ മെഡിക്കൽ സംഘത്തിന് കാണാമായിരുന്നു. മുറിവേറ്റ് പിടയുന്ന ജവാന്മാരെ ഒന്നിനു പുറകെ മറ്റൊന്നായി ക്യാമ്പിലേക്ക് എത്തിച്ചുകൊണ്ടിരുന്നു. പ്രാണവേദനയിൽ പുളയുന്ന ജവാന്മാരുടെ രോദനങ്ങൾക്കിടയിലും അത്യുഗ്രമായ സ്ഫോടന ശബ്ദം നിലച്ചിരുന്നില്ല. വിശപ്പും ദാഹവും മരവിച്ചു നിന്ന ആ രാപ്പകലുകളിൽ ഒരു പട്ടാള ഡോക്ടർക്ക് വേണ്ട കർമ്മവീര്യവും കരളുറപ്പും കൈവിട്ടുു പോകരുതേ എന്ന പ്രാർത്ഥനയായിരുന്നു മനസ്സിൽ. സാരമായി പരിക്കേറ്റ് മരണത്തിലേക്ക് വഴുതി വീഴാവുന്ന നാല്പത്തി ആറോളം സഹസൈനികരെ ജീവന്റെ പടവുകളേറ്റിയ ആ തണുത്തുറച്ച രാപ്പ കലുളെ ക്യാപ്റ്റൻ ഗോപിനാഥ് ഇപ്പോഴും അഭിമാനത്തോടെ ഓർക്കുന്നു.
ആധുനിക രീതിയിലുള്ള മെഡിക്കൽ സജ്ജീകരണങ്ങൾ വിരളമായിരുന്ന കാലമായിരുന്നു അത്. ഡിസ്പോസിബിൾ സിറിഞ്ച് പോലും പരിചിതമല്ലാത്ത കാലം. കുതിരപ്പുറത്തായിരുന്നു മെഡിക്കൽ സാമഗ്രികൾ എത്തിച്ചിരുന്നത്. മരണവുമായി മല്ലിടുന്ന ജവാന്മാരെ ആംബുലൻസിൽ ശ്രീനഗറിലെ ആശുപത്രിയിൽ എത്തിക്കും. വീരമൃത്യു വരിച്ച സൈനികരുടെ മൃതദേഹം അക്കാലത്ത് നാട്ടിൽ എത്തിച്ചിരുന്നില്ല. പൈൻ മരത്തിന്റെ ചില്ലകൾ കൊണ്ട് ചിതയൊരുക്കി ദഹിപ്പിക്കുകയാണ് പതിവ്.
പ്രായം എഴുപത്തിയെട്ട് പിന്നിടുമ്പോഴും സൈനിക ജീവിതത്തിലെ ഓർമ്മകൾ ഒരുപാടുണ്ട് ഡോക്ടർക്ക് പങ്ക് വെക്കാൻ. 1967- 73 കാലത്താണ് ഗോപിനാഥ് ഇന്ത്യൻ ആർമിയിൽ മെഡിക്കൽ ഓഫീസറായി ക്യാപ്റ്റൻ റാങ്കിൽ നിയമിതനായത്. ലക്നൗവിലെ കമാന്റ് ആശുപത്രി, ഹൈദരബാദിലെ സൈനിക ആശുപത്രി എന്നിവിടങ്ങളിലായിരുന്നു ആദ്യ കാല സേവനം. ഇന്ത്യാ- പാക് യുദ്ധത്തിൽ വെസ്റ്റേൺ സെക്ടറിലെ മുൻനിര സേവനവും അർപ്പണബോധവും പരിഗണിച്ച് സൻഗ്രാം മെഡലിനും പിന്നീട് വെസ്റ്റേൺ സ്റ്റാറിനും അർഹനായി.
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് സ്വദേശിയായ ഗോപിനാഥ് കോഴിക്കോട് മെഡിക്കൽ കോളജിലെ എം ബി ബി എസ് പഠനശേഷം തിരുവനന്തപുരം എം.സി.എച്ചിൽ നിന്നാണ് ഡി.സി.എച്ചിൽ പി ജി ബിരുദം നേടിയത്. പിന്നീട് കോഴിക്കോട് എം സി എച്ചിൽ നിന്ന് പീഡിയാട്രിക്സിൽ എം ഡി ബിരുദവും കരസ്ഥമാക്കി. സൈനിക ജീവിതത്തിൽ നിന്ന് വിരമിച്ച ശേഷം നാല് പതിറ്റാണ്ടിലേറെയായി കൊയിലാണ്ടിയിലെ ആതുരസേവന രംഗത്ത് ശിശുരോഗ വിദഗ്ധനായി ക്യാപ്റ്റൻ ഗോപിനാഥ് സേവനം തുടരുകയാണ്.