കുരുക്കില്‍ നിന്ന് ശാപമോക്ഷം ഉടന്‍, കൊയിലാണ്ടിക്കാര്‍ക്ക് വടകരയിലേക്ക് പറപറക്കാം; മൂരാട് പുതിയ പാലം അടുത്ത മാര്‍ച്ചില്‍ പൂര്‍ത്തിയാവുമെന്ന് മുഖ്യമന്ത്രി


വടകര: ദേശീയപാത 66 ആറ് വരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി മൂരാട് പുഴയ്ക്ക് കുറുകെ നിര്‍മ്മിക്കുന്ന പുതിയ പാലത്തിന്റെ നിര്‍മ്മാണം 2023 മാര്‍ച്ചില്‍ പൂര്‍ത്തിയാവുമെന്ന് ദേശീയപാതാ അതോറിറ്റി (എന്‍.എച്ച്.എ.ഐ) അറിയിച്ചതായി മുഖ്യമന്ത്രി. ഇതിനൊപ്പം മാഹി-തലശ്ശേരി ബൈപ്പാസിന്റെ നിര്‍മ്മാണവും അടുത്ത മാര്‍ച്ചില്‍ തന്നെ പൂര്‍ത്തിയാവുമെന്നും എന്‍.എച്ച്.എ.ഐ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ദേശീയപാതാ വികസനത്തിന് നഷ്ടപരിഹാരമായി ഇതുവരെ സംസ്ഥാനം നല്‍കിയത് 21940 കോടി രൂപയാണ്. 11571 കോടി രൂപയുടെ ആറ് പദ്ധതികള്‍ ദേശീയപാതാ വികസനത്തിനായി തുടങ്ങി. ദേശീയപാതാ വികസനത്തിനായി യു.ഡി.എഫ് ഭരണകാലത്ത് ഒന്നും ചെയ്തില്ലെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

ദേശീയപാത 66 ല്‍ കോഴിക്കോട് ജില്ലയിലെ കുപ്പിക്കഴുത്താണ് നിലവിലെ പഴയ മൂരാട് പാലം. ഒരുസമയം ഒരു വശത്തേക്ക് മാത്രമേ വലിയ വാഹനങ്ങള്‍ക്ക് ഇതിലേ പോകാന്‍ കഴിയൂ. പുതിയ പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കി തുറന്നു കൊടുക്കുന്നതോടെ മൂരാട് പാലം കാരണമുള്ള ഗതാഗതക്കുരുക്ക് ഓര്‍മ്മയാവും.

മൂരാട് പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തി ദേശീയപാതാ റീച്ചില്‍ നിന്ന് വേറിട്ട് പ്രത്യേകമായി വേഗത്തില്‍ ആരംഭിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം കേന്ദ്രം അംഗീകരിച്ചതോടെയാണ് മൂരാട് പാലത്തിന്റെ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നത്.

ഹരിയാന കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇ ഫൈവ് ഇന്‍ഫ്രാ സ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്. ഭൂമി ഏറ്റെടുക്കലിനും നിര്‍മ്മാണത്തിനുമായി 210.21 കോടി രൂപയാണ് അടങ്കല്‍. ഇതില്‍ 68.5 കോടി രൂപ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും 128 കോടി രൂപ ഭൂമി ഏറ്റെടുക്കലിനും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് വകയിരുത്തിയത്.

മലബാറിലെ ഏറ്റവും പഴക്കമുള്ള പാലങ്ങളിലൊന്നാണ് മൂരാട് പാലം. 1938 ല്‍ ബ്രിട്ടീഷ് ഭരണകൂടമാണ് ഇപ്പോഴുള്ള പാലം പണിതത്. രണ്ട് ലക്ഷം രൂപ ചെലവാക്കി നിര്‍മ്മിച്ച പാലത്തിന് അന്ന് 50 വര്‍ഷമാണ് ആയുസ് പറഞ്ഞിരുന്നത്. എന്നാല്‍ 84 വര്‍ഷത്തിന് ശേഷം ഇപ്പോഴും മൂരാട് പഴയ പാലം ഗതാഗതത്തിന് ഉപയോഗിക്കുകയാണ്. ഓരോ ദിവസവും ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്ന് പോകുന്നത്.