അമിതമായ വ്യായാമം അപകടം ക്ഷണിച്ചുവരുത്തും? ഹൃദയത്തിന് സംഭവിക്കുന്നത് ഇതാണ്


ഹൃദയത്തിന്റെ ആരോഗ്യത്തിന് വ്യായാമം അത്യാവശ്യമാണെന്ന് എല്ലാവരും പറയും. എന്നാല്‍ നാളുകളായി കൃത്യമായി വ്യായാമം ചെയ്യുന്ന ജീവിതശൈലി പിന്തുടര്‍ന്നിട്ടും ഹൃദയാഘാതം വന്ന് മരണപ്പെട്ടെന്ന വാര്‍ത്തകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?

വ്യായാമം ആയാലും അധികമാകരുതെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. എത്രയധികം വ്യായാമം ചെയ്യുന്നോ അത്രയും നല്ലതെന്നാണ് പൊതുവിലുള്ള വിശ്വാസം. എന്നാല്‍ ഈ വിശ്വാസം ശരിയല്ലെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ചുരുങ്ങിയ സമയത്തിനുള്ളില്‍ അമിതമായ വ്യായാമത്തില്‍ ഏര്‍പ്പെടരുതെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു. 30നും 40നും ഇടയില്‍ പ്രായമുള്ള ആളുകള്‍ ശാരീരകമായി യാതെരു പ്രവര്‍ത്തനങ്ങളും ചെയ്യാതെ ഇരുന്നിട്ട് പെട്ടെന്ന് അധിക വ്യായാമം ചെയ്യുന്നത് ദോഷം ചെയ്യും. വേഗത്തില്‍ ഫിറ്റാകാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത്തരത്തില്‍ കഠിനമായ വ്യായാമം ചെയ്യുന്നവര്‍ വളരെയധികം ശ്രദ്ധിക്കണമെന്നും വിദഗ്ധര്‍ പറയുന്നു.

അമിത വ്യായാമം ഹൃദയത്തില്‍ ആയാസമുണ്ടാക്കും. കഠിനമായ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ പേശികള്‍ക്ക് ഓക്‌സിജനും പോഷകങ്ങളും നല്‍കുന്നതിന് ഹൃദയം കൂടുതല്‍ രക്തം പമ്പ് ചെയ്യേണ്ടിവരും. ഇത് വ്യായാമം ചെയ്യുമ്പോള്‍ പൊതുവില്‍ ശരീരത്തില്‍ സംഭവിക്കുന്നതാണ്. ഇത് ഹൃദയത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കും. എന്നാല്‍ വ്യായാമം അമിതമാകുമ്പോള്‍ ഹൃദയം അമിതമായി അധ്വാനിക്കേണ്ടിവരികയും ക്ഷീണിക്കുകയും ചെയ്യും. ഇത് അപകട സാധ്യത വര്‍ധിപ്പിക്കുമെന്നാണ് മുംബൈയിലെ ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. അഭിജിത് പറയുന്നത്.