ആരാണ് ശക്തന്‍? | Bull and Goat | Kathaneram
[web_stories_embed url=”https://koyilandynews.com/web-stories/bull-and-goat-kathaneram/” title=”ആരാണ് ശക്തന്‍? | Bull and Goat | Kathaneram” poster=”https://koyilandynews.com/wp-content/uploads/2022/12/cropped-cover-3.jpg” width=”360″ height=”600″ align=”none”]
ഒരിയ്ക്കല്‍ ഒരു കാള നാട്ടില്‍ നിന്നും വഴി തെറ്റി ഒരു കാട്ടിലെത്തി. കാട്ടിലെ കാഴ്ചകള്‍ കണ്ട് അത്ഭുതപ്പെട്ട് അവന്‍ നടന്നു. എങ്ങും നിറയെ പച്ചപ്പുല്ലുകള്‍.ഇഷ്ടം പോലെ തിന്നാം. അവന്‍ വളരെ സന്തോഷത്തോടെ പുല്ല് തിന്നാന്‍ തുടങ്ങി.
കാള അങ്ങിനെ സമാധാനമായി പുല്ല് തിന്നു കൊണ്ടിരിക്കെയാണ് ഒരു സിംഹം അത് വഴി വന്നത്. തടിച്ചു കൊഴുത്ത കാളയെ കണ്ടതും സിംഹത്തിന്‍റെ വായില്‍ വെള്ളമൂറി. സിംഹം കാളയെ പിടിക്കാന്‍ അതിനു നേരെ കുതിച്ചു.
ഭാഗ്യത്തിന് എന്തോ ചെറിയ അനക്കം കേട്ട് തല തിരിച്ചു നോക്കിയ കാള തനിക്ക് നേരെ കുതിച്ച് വരുന്ന സിംഹത്തിനെ കണ്ട്. അവന്‍ ഭയന്ന് പ്രാണനും കൊണ്ടോടി.
കുറെ ദൂരം ഓടിയപ്പോള്‍ അവന്‍ ഒരു ഗുഹ കണ്ടു. സിംഹത്തിന്‍റെ കണ്ണില്‍ പെടാതെ അതിനുള്ളില്‍ കയറി ഒളിച്ചിരിക്കാമെന്ന് അവന്‍ തീരുമാനിച്ചു. അവന്‍ വേഗം തന്നെ ആ ഗുഹയ്ക്കകത്തേക്ക് ഓടിക്കയറി. പിന്നാലേ കുതിച്ചെത്തിയ സിംഹം കാളയെ കാണാതെ ചുറ്റുപാടും തിരയാന്‍ തുടങ്ങി.
കാള കയറിക്കൂടിയ ഗുഹയില്‍ കുറെ കാട്ടാടുകള്‍ ആയിരുന്നു താമസിച്ചിരുന്നത്. കാള തങ്ങളുടെ ഗുഹയില്‍ കയറിയത് സ്വാഭാവികമായും അവര്‍ക്ക് തീരെ ഇഷ്ടപ്പെട്ടില്ല. അവര്‍ കാളയെ ഗുഹയില്‍ നിന്നും പുറത്താക്കാന്‍ എല്ലാവിധ ശ്രമവും തുടങ്ങി. അവര്‍ കാളയെ കൊമ്പു കൊണ്ട് കുത്താനും, കാലുകള്‍ കൊണ്ട് തൊഴിക്കാനും തുടങ്ങി.
പാവം കാള, ആടുകളെ തിരിച്ചാക്രമിക്കാതെ അവരുടെ ഉപദ്രവം സഹിച്ച് അവിടെ നിന്നു. എന്നാല്‍ കാട്ടാടുകള്‍ കൂടുതല്‍ ശക്തിയോടെ അവനെ ആക്രമിക്കാന്‍ തുടങ്ങി.
ഒടുക്കം കാള അവരോട് പറഞ്ഞു.
“നിങ്ങളെ പേടിച്ചിട്ടോ, തിരിച്ചു നിങ്ങളെ ആക്രമിക്കാന്‍ ശക്തിയില്ലാഞ്ഞിട്ടോ അല്ല ഞാന്‍ നിങ്ങളുടെ ഉപദ്രവം സഹിച്ച് നില്‍ക്കുന്നത്. എനിക്കു നിങ്ങളെയെല്ലാം ഒരു പ്രയാസവും കൂടാതെ ആക്രമിച്ച് കീഴടക്കാം. പക്ഷേ എന്നെക്കാള്‍ ശക്തനായ ഒരു സിംഹത്തിന്‍റെ പിടിയില്‍ നിന്നും രക്ഷ നേടാനാണ് ഞാന്‍ ഇതിനുള്ളില്‍ കയറിയത്. ഇപ്പോള്‍ നമ്മള്‍ ഇവിടെ പരസ്പരം ആക്രമിച്ച് ശബ്ദമുണ്ടാക്കിയാല്‍ പുറത്തുള്ള സിംഹം നമ്മെയെല്ലാം കണ്ടെത്തി കൊന്നു തിന്നും. അത് കൊണ്ടാണ് ഞാന്‍ അനങ്ങാതെ നില്‍ക്കുന്നത്.”
ഇത് കേട്ടതും കാട്ടാടുകള്‍ക്ക് കാര്യം മനസ്സിലായി. അതോടെ അവര്‍ കാളയെ ഉപദ്രവിക്കുന്നത് നിര്‍ത്തി.
കുറച്ചു നേരം കഴിഞു സിംഹം സ്ഥലം വിട്ടതും, കാള കാട്ടാടുകളോട് നന്ദി പറഞ്ഞ് നാട്ടിലേയ്ക്ക് യാത്ര തിരിച്ചു. കാട് തനിക്ക് സുരക്ഷിതമായ ഇടമല്ലെന്ന് അവന്‍ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു.