കല്ലുവെട്ട് കുഴിയില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം കത്തിച്ചു; മുചുകുന്ന് സ്വദേശിക്ക് പതിനായിരം രൂപ പിഴയിട്ട് മൂടാടി ഗ്രാമപഞ്ചായത്ത്


കൊയിലാണ്ടി: കല്ലുവെട്ട് കുഴിയിലിട്ട് മാലിന്യം കത്തിച്ച മുചുകുന്ന് സ്വദേശിക്ക് പതിനായിരം രൂപ പിഴയിട്ട് മൂടാടി ഗ്രാമപഞ്ചായത്ത്. കണ്ടിയില്‍ കരുണന്‍ എന്ന വ്യക്തിക്കാണ് പഞ്ചായത്ത് പിഴയിട്ടത്. പിഴ അടച്ചില്ലെങ്കില്‍ പ്രോസിക്യൂഷന്‍ നടപടിയുണ്ടാകുമെന്നും പഞ്ചായത്ത് അറിയിച്ചു.

1994 ലെ കേരള പഞ്ചായത്ത് രാജ് നിയമത്തിലെ 219. ഉപവകുപ്പുകള്‍, 2005 ലെ ദുരന്ത നിവാരണ നിയമം, 2016 ലെ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് റൂള്‍സ് എന്നീ നിയമങ്ങള്‍ പ്രകാരമാണ് പിഴയിട്ടിരിക്കുന്നത്. എട്ടാം വാര്‍ഡില്‍ ഗവ. ആയുര്‍വേദ ഡിസ്പന്‍സറിക്ക് സമീപമുള്ള കല്ലുവെട്ട് കുഴിയില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവമാലിന്യങ്ങള്‍ കത്തിച്ചതാണ് പിഴയിടാന്‍ കാരണമായത്.

പ്രദേശവാസികളാണ് മാലിന്യം കത്തിച്ചത് സംബന്ധിച്ച് പഞ്ചായത്തിന് പരാതി നല്‍കിയത്. രേഖാമൂലം പരാതി ലഭിച്ചതോടെ പഞ്ചായത്ത് സെക്രട്ടറി നടത്തിയ അന്വേഷണത്തില്‍ കണ്ടിയില്‍ കരുണന്‍ മാലിന്യം കത്തിച്ചതായി കണ്ടെത്തി. തുടര്‍ന്നാണ് പിഴയിട്ടുകൊണ്ട് നോട്ടീസ് അയച്ചത്. ഇദ്ദേഹത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള കല്ലുവെട്ട് കുഴിയിലിട്ടാണ് മാലിന്യം കത്തിച്ചത്.