പേരാമ്പ്ര പാലേരിയില്‍ പള്ളിയ്ക്കുള്ളിലെ നിക്കാഹ് വേദിയില്‍ വരനും ബന്ധുക്കള്‍ക്കുമൊപ്പം നിറ സാന്നിധ്യമായി വധുവും; മഹര്‍ ഏറ്റുവാങ്ങി: ഇത് പുതിയ ചരിത്രം


പേരാമ്പ്ര: നിക്കാഹ് എന്നു പറഞ്ഞാല്‍ പെട്ടെന്ന് മനസില്‍ വരുന്നചിത്രം പെണ്‍കുട്ടിയുടെ പിതാവ് വരന്‍ പിന്നെ പുരുഷന്മാരായ കുറച്ചു ബന്ധുക്കളും ഇവരെല്ലാം ഒത്തുകൂടി നടത്തുന്ന ചടങ്ങിന്റേതാണ്. എന്നാല്‍ പാലേരി പാറക്കടവ് ജുമാമസ്ജിദി നടന്ന നിക്കാഹ് ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. ചടങ്ങിന് സാക്ഷിയായി വധുകൂടി പള്ളിയിലെത്തിയിരുന്നു.

കുറ്റ്യാടി സ്വദേശി കെ.എസ്. ഉമ്മറിന്റെ മകള്‍ ബഹ്ജ ദലീലയാണ് സ്വന്തം നിക്കാഹ് ചടങ്ങിന് സാക്ഷിയാവുകയും മഹര്‍ ചടങ്ങില്‍വെച്ച് ഏറ്റുവാങ്ങുകയും ചെയ്തത്. വടക്കുമ്പാട് ചെറുവക്കര ഖാസിന്റെ മകന്‍ ഫഹദ് ഖാസിമാണ് വരന്‍.

മകള്‍ ഇത്തരമൊരു ആഗ്രഹം പറഞ്ഞതുകൊണ്ടാണ് നിക്കാഹിന് അവളെക്കൂടി പങ്കെടുപ്പിച്ചതെന്ന് ബഹ്ജയുടെ ഉപ്പ ഉമ്മര്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. നിക്കാഹിന് എനിക്കും പങ്കെടുക്കണമെന്ന് അവള്‍ പറയുമായിരുന്നു. ശനിയാഴ്ച നിക്കാഹ് ചടങ്ങുകള്‍ക്കായി പാലേരി പാറക്കടവ് ജുമാമസ്ജിദിലെത്തിയപ്പോള്‍ ഖാസിയോട്് ഇക്കാര്യം സൂചിപ്പിച്ചു. തനിക്ക് എതിര്‍പ്പില്ലെന്ന് അദ്ദേഹം അറിയിച്ചു. തുടര്‍ന്ന് മഹല്ല് ജാമഅത്ത് ജനറല്‍സെക്രട്ടറിയോട് കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹവും അനുവാദം തന്നു. ഇതനുസരിച്ചാണ് മകളെ ചടങ്ങില്‍ പങ്കെടുപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പുരോഗമനപരമായ സമീപനങ്ങള്‍ക്ക് പാകപ്പെട്ട മനസാണ് അവിടുള്ളവരുടേത്. അതിനൊരു തുടക്കം കുറിക്കുക മാത്രമാണ് മകള്‍ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

മഹല്ലില്‍ വധു പങ്കെടുക്കുന്ന രണ്ടാമത്തെ നിക്കാഹ് ചടങ്ങാണിതെന്ന് മഹല്ല് ജമാഅത്ത് ജനറല്‍ സെക്രട്ടറി ഇ.ജെ. മുഹമ്മദ് നിയാസ് പറഞ്ഞു. കഴിഞ്ഞയാഴ്ച ഇതേ മഹല്ലിലെ ഇ.ജെ. അബ്ദുറഹീമിന്റെ മകള്‍ ഹാലയുടെ നിക്കാഹ് വേളയില്‍ ഹായും വരന്റെയും വധുവിന്റെ അമ്മമാരും വേദിയിലുണ്ടായിരുന്നു. ഇവിടെ പള്ളിയില്‍വെച്ച് ചടങ്ങ് നടന്നുവെന്ന പ്രത്യേകതയുണ്ട്. പണ്ഡിതരോട് ചോദിച്ചപ്പോള്‍ അനുകൂല മറുപടിയാണ് ലഭിച്ചതെന്നും അദ്ദേഹം പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

Summary: Bride attends Nikah venue inside the mosque in Kuttyadi