കുന്നമങ്കലം പെരുവയലില്‍ ആളുമാറി വോട്ട് ചെയ്ത സംഭവം; നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു


കോഴിക്കോട്: ഹോം വോട്ടിംഗിനിടെ പെരുവയലില്‍ ആളുമാറി വോട്ടുചെയ്ത സംഭവത്തില്‍ നാല് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് ഉത്തരവിട്ടു. ജനപ്രാതിനിധ്യ നിയമം (ആര്‍പി ആക്ട്) 134 വകുപ്പ് പ്രകാരമാണ് നടപടി. പ്രസ്തുത വിഷയത്തില്‍ ബന്ധപ്പെട്ടവര്‍ക്കെതിരേ കേസെടുക്കാന്‍ സിറ്റി പോലിസ് കമ്മീഷണര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.

ഹോം വോട്ടിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്‌പെഷ്യല്‍ പോളിംഗ് ഓഫീസര്‍, പോളിംഗ് ഓഫീസര്‍, മൈക്രോ ഒബ്‌സര്‍വര്‍, ബൂത്ത് ലെവല്‍ ഓഫീസര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

പെരുവയലിലെ 84-ാം ബൂത്തിലാണ് സംഭവമുണ്ടായത്. 84ആം ബൂത്തില്‍ ഒരേ പേരുള്ള രണ്ട് വ്യക്തികളില്‍ ലിസ്റ്റില്‍ പേരില്ലാത്തയാളെ കൊണ്ട് ഓപ്പണ്‍ വോട്ട് ചെയ്യിച്ചു എന്നായിരുന്നു പരാതി. സംഭവത്തില്‍ ബിഎല്‍ഒയ്ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.

91 കാരിയായ പായമ്പുറത്ത് ജാനകിയമ്മയ്ക്ക് പകരം 80കാരിയായ കൊടശ്ശേരി ജാനകിയമ്മയെ കൊണ്ട് വോട്ട് ചെയ്യിപ്പിച്ചുവെന്നാണ് പരാതി. വീട്ടില്‍ വോട്ട് പ്രകാരമുള്ള ലിസ്റ്റില്‍ പേരില്ലാതിരുന്ന കൊടശ്ശേരി ജാനകിയമ്മ വോട്ട് ചെയ്തതോടെ, വോട്ട് നഷ്ടമായതായി പായമ്പുറത്ത് ജാനകിയമ്മ അറിയിക്കുകയായിരുന്നു.