പോക്‌സോ കേസ് പ്രതിയായ മൂടാടി സ്വദേശിയുടെ വീട്ടില്‍ വനംവകുപ്പിന്റെ പരിശോധന; അനധികൃതമായി സൂക്ഷിച്ച മലമാനിന്റെയും കാട്ടുപോത്തിന്റെയും കൊമ്പുകളും പവിഴപ്പുറ്റും പിടികൂടി
കൊയിലാണ്ടി: മൂടാടി സ്വദേശിയുടെ വീട്ടില്‍ നിന്ന് മലമാനിന്റെയും കാട്ടുപോത്തിന്റെയും കൊമ്പുകളും പവിഴപ്പുറ്റും നാടന്‍ തോക്കിന്റെ ഭാഗങ്ങളും പിടികൂടി. ഹില്‍ബസാര്‍ ശിവപുരി വീട്ടില്‍ ധനമഹേഷിന്റെ വീട്ടില്‍ നിന്നാണ് കോഴിക്കോട് ഫോറസ്റ്റ് വിജിലന്‍സ് വിഭാഗം ഇവ പിടികൂടിയത്. നിലവില്‍ പോക്‌സോ കേസില്‍ പ്രതിയായി റിമാന്റില്‍ കഴിയുകയാണ് ധനമഹേഷ്.
ഇവിടെ ക്ലിക്ക് ചെയ്ത് യൂട്യൂബ് ചാനൽ ഉടൻ സബ്സ്ക്രൈബ് ചെയ്യൂ…
ചെറുകുളം-കോട്ടുപാടം റോഡില്‍ ഉണ്ണിമുക്ക് ഭാഗത്ത് ധനമഹേഷ് വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലാണ് ഫോറസ്റ്റ് വിജിലന്‍സ് പരിശോധന നടത്തിയത്. കോഴിക്കോട് ഫ്‌ളൈയിങ് സ്‌ക്വാഡ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
1972 ലെ വനം വന്യജീവി സംരക്ഷണ നിയമ പ്രകാരം വന്യജീവികളുടെ ശരീരഭാഗങ്ങള്‍ കൈവശം വയ്ക്കുന്നത് കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. തുടരന്വേഷണത്തിനായി കേസ് താമരശ്ശേരി റെയിഞ്ച് ഓഫീസിലേക്ക് കൈമാറി.
കോഴിക്കോട് ഫ്‌ളൈയിങ് സ്‌ക്വാഡ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി.പ്രഭാകരന്‍, ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എബിന്‍ എ, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ എ.ആസിഫ്, സി.മുഹമ്മദ് അസ് ലം, ശ്രീനാഥ് കെ.വി, ഡ്രൈവര്‍ ജിജീഷ് ടി.കെ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.