ഷാഫി പറമ്പിലിനായി വോട്ടുപിടിച്ച് ബിഎൽഒമാർ; ചങ്ങരോത്തേത് പെരുമാറ്റ ചട്ടലംഘനം, നടപടി വേണമെന്നാവശ്യം


പേരാമ്പ്ര: യുഡിഎഫ് സ്ഥാനാർത്ഥിക്കായി തെരഞ്ഞെടുപ്പ്  ചട്ടം ലംഘിച്ച് ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) പരസ്യമായി രം​ഗത്തിറങ്ങിയതായി ആരോപണം. വടകര ലോകസഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനായാണ് ബിഎൽഒമാർ പരസ്യമായി രം​ഗത്തിറങ്ങിയത്. ചങ്ങരോത്ത് പഞ്ചായത്തിൽ തെരഞ്ഞെടുപ്പു ചുമതലയുള്ള രണ്ടാം ബൂത്ത് ബിഎൽഒ  റിട്ട അധ്യാപകൻ പി കെ കൃഷ്ണദാസും കൂത്താളിവൊക്കേഷണൽ  ഹയർ സെക്കൻഡറി സ്കൂളിലെ ലാബ് ടെക്നിക്കൽ അസിസ്റ്റൻ്റും 20ാം ബൂത്ത് ബിഎൽഒയുമായ എൻ എസ് നിധീഷ് എന്നിവരാണ് തെരഞ്ഞെടുപ്പ്  ചട്ടം ലംഘിച്ച് പരസ്യമായി യുഡിഎഫിക്ക് വേണ്ടി വോട്ടുപിടിക്കാനിറങ്ങിയത്.

വേണ്ടി വാട്ട്സാപ്പിലൂടെയാണ് ഷാഫി പറമ്പിലിനുവേണ്ടി കൃഷ്ണദാസ് പ്രചരണം നടത്തിയത്.‌ എൻ എസ് നിധീഷ് സ്ഥാനാർത്ഥിയോടൊപ്പം പാലേരിയിലെ തെരഞ്ഞെടുപ്പ് പര്യടനത്തിൽ വീടുകയറി വോട്ട് തേടി. നിഷ്പക്ഷരായിപ്രവർത്തിക്കേണ്ട ബിഎൽഒ മാർ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി പരസ്യപ്രചാരണം നടത്തുന്നത് തെരഞ്ഞെടുപ്പു ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ്..

പക്ഷപാതപരമായി പ്രവർത്തിക്കുന്ന ഇരുവരേയും ഉടൻ ബിഎൽഒ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നും യുക്തമായനടപടി സ്വീകരിക്കണമെന്നും എൽഡിഎഫ് പേരാമ്പ്രമണ്ഡലം തെരഞ്ഞെടുപ്പുകമ്മിറ്റി ജനറൽ കൺവീനർ എസ് കെ സജീഷ് ജില്ലാതെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു.