താമരശ്ശേരി ചുരത്തിൽ പാറക്കല്ല് വീണ് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവം; അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് (വീഡിയോ കാണാം)


 

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വലിയ പാറക്കല്ല് ബൈക്കിന് മുകളിലേക്കു വീണ് ഒരാൾ മരിച്ച അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ ഏപ്രിൽ 16 ശനിയാഴ്ചയാണ് മരിച്ചത്. ചുരത്തിലൂടെ യാത്ര ചെയ്യുന്നവർ ഏറെ ഭീതിയോടെയാണ് ഈ വാർത്ത കേട്ടത്.

 

ചുരത്തിൽ മണ്ണിടിച്ചിലും പാറയിടിച്ചിലും ഉണ്ടാകാറുണ്ടെങ്കിലും അതെല്ലാം കനത്ത മഴയുള്ളപ്പോൾ മാത്രമായിരുന്നു പതിവ്. ചുരത്തിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് പാറ യാത്രക്കാരുടെ ദേഹത്തേക്ക് വീഴുന്നത്. ഈ അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

 

മലപ്പുറം വണ്ടൂർ സ്വദേശി അഭിനവ് (20) ആണ് അപകടത്തിൽ ദാരുണമായി മരിച്ചത്. വയനാട്ടിലേക്കുള്ള വിനോദയാത്ര അഭിനവിന്‍റെ അപ്രതീക്ഷിത മരണത്തിന് കാരണമായതിന്‍റെ നടുക്കത്തിലാണ് സുഹൃത്തുക്കൾ ഇപ്പോഴും. മലപ്പുറം വണ്ടൂരിൽനിന്ന് മൂന്ന് ബൈക്കുകളിലായാണ് ആറ് സുഹൃത്തുക്കൾ വയനാട് കാണാൻ പുറപ്പെട്ടത്. ചുരത്തിന്‍റെ ഭംഗി ആസ്വദിച്ചുകൊണ്ടുള്ള യാത്രക്കിടെ ജീവനെടുക്കുന്ന അപകടം ആരും സ്വപ്നത്തിൽപോലും പ്രതീക്ഷിച്ചിരുന്നില്ല.

 

രണ്ടാഴ്ച മുമ്പാണ് ചുരത്തിൽ അപകടം ഉണ്ടാകുന്നത്. അഭിനവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരണപ്പെട്ടിരുന്നു. കൂടെ ഉണ്ടായിരുന്ന അനീഷി (26)ന് ഗുരുതരമായി പരിക്കേറ്റിരുന്നു.

 

ചുരത്തിൽ ആ സമയത്ത് മഴയോ കോടമഞ്ഞ് പോലുമോ ഉണ്ടായിരുന്നുമില്ല. ദിവസേന ആയിരക്കണക്കിന് വാഹനങ്ങളാണ് ചുരം കയറുന്നത്. നവീകരണങ്ങൾ മുറപോലെ നടക്കുന്നുണ്ടെങ്കിലും ചുരത്തിന്‍റെ സുരക്ഷിതത്വം ഇല്ലാതാവുന്നതിന്‍റെ തെളിവാണ് ശനിയാഴ്ചത്തെ അപകടം. ചുരത്തിൽ നിരവധിയിടങ്ങളിൽ പാറക്കല്ലുകൾ താഴേക്ക് പതിക്കാൻ പാകത്തിൽ കിടപ്പുണ്ട്. ഇതാണ് യാത്രക്കാരുടെ സുരക്ഷക്ക് ഭീഷണി ഉയർത്തുന്നത്.

അഭിനവ് സഞ്ചരിച്ച ബൈക്കിന്റെ പിന്നിലെ ബൈക്കിൽ ഉണ്ടായിരുന്നവർ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നത്.

വീഡിയോ കാണാം: 

[bot1]