കൊയിലാണ്ടിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; കാറില്‍ കടത്തുകയായിരുന്ന 42 ഗ്രാം എം.ഡി.എം.എ പിടികൂടി, പുറക്കാട് സ്വദേശിയായ യുവാവ് അറസ്റ്റില്‍
കൊയിലാണ്ടി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. പുറക്കാട് സ്വദേശി മുഹമ്മദ് വാരിസ് ആണ് കൊയിലാണ്ടി എക്‌സൈസിന്റെ പിടിയിലായത്. മയക്കുമരുന്ന് കാറില്‍ കടത്താന്‍ ശ്രമിക്കവെ മുത്താമ്പി പാലത്തിന് സമീപത്ത് വച്ചാണ് ഇയാളെ എക്‌സൈസ് പിടികൂടിയത്. സമീപകാലത്ത് കൊയിലാണ്ടിയില്‍ നടക്കുന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇതെന്ന് എക്‌സൈസ് പറഞ്ഞു.
ബുധനാഴ്ച രാത്രിയാണ് മുഹമ്മദ് വാരിസിനെ എക്‌സൈസ് പിടികൂടുന്നത്. 42 ഗ്രാം എം.ഡി.എം.എയാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. എം.ഡി.എം.എ കടത്താന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇയാള്‍ പിടിയിലാവുന്നത്.
കൊയിലാണ്ടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഇയാളെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി. മയക്കുമരുന്നിന്റെ ഉറവിടത്തെ കുറിച്ചുള്ള അന്വേഷണം തുടരുകയാണ്.
കൊയിലാണ്ടി റെയിഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.പി.ദിപീഷിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് എം.ഡി.എം.എ കടത്താന്‍ ശ്രമിച്ച പ്രതിയെ പിടികൂടിയത്. പ്രിവന്റീവ് ഓഫീസര്‍ സജീവന്‍ എം. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാകേഷ് ബാബു ജി.ആര്‍, രതീഷ് എ.കെ, ഷിജു ടി, വിപിന്‍ ആര്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ഷൈനി ബി.എന്‍, ഡ്രൈവര്‍ മുബഷിര്‍ വി.പി എന്നിവരാണ് എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നത്.
വേനലവധി കഴിഞ്ഞ് സ്‌കൂളുകളും കോളേജുകളും തുറന്നതോടെ വിദ്യാര്‍ത്ഥികളെ ലക്ഷ്യമാക്കി മയക്കുമരുന്ന് കച്ചവടക്കാര്‍ സജീവമാകാനുള്ള സാധ്യത മുന്നില്‍ കണ്ട് സ്‌കൂള്‍ പരിസരങ്ങളിലും മറ്റ് പ്രധാന സ്ഥലങ്ങളിലും എക്‌സൈസ് നിരീക്ഷണം ശക്തമായക്കിയിട്ടുണ്ട്.