കൊവിഡില്‍ കേരളം കണ്ട മനുഷ്യസ്നേഹി; ആകെയുള്ള സമ്പാദ്യം വാക്സിൻ ചലഞ്ചിലേക്ക് സംഭാവന നല്‍കിയ കണ്ണൂരിലെ ബീഡിത്തൊഴിലാളി ജനാർദനൻ അന്തരിച്ചു 


കണ്ണൂര്‍:  ഒരു ജീവിതകാലത്തെ മുഴുവന്‍ സമ്പാദ്യവും മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ചിലേക്ക് സംഭാവന ചെയ്ത് മലയാളികളെ വിസ്മയിപ്പിച്ച ബീഡിത്തൊഴിലാളി ചാലാടന്‍ ജനാര്‍ദനന്‍ (65) അന്തരിച്ചു.  കണ്ണൂര്‍ കുറുവ പാലത്തിനടുത്തുള്ള അവേരയിലെ വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

കേരളാ ബാങ്കിന്റെ കണ്ണൂര്‍ മെയിന്‍ ശാഖയിലെ അക്കൗണ്ടിലുണ്ടായിരുന്ന പണം വാക്‌സീന്‍ ചലഞ്ചിനായി സംഭാവന ചെയ്തശേഷം പേര് പോലും വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് ഇറങ്ങിപ്പോയ ജനാര്‍ദനന്‍ ബാങ്ക് ജീവനക്കാരന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് നാടിന് സുപരിചിതനായത്. അദ്ദേഹത്തിന്റെ മനുഷ്യസ്നേഹത്തിന്റെ ആഴം മാധ്യമ വാര്‍ത്തകളിലും നിറഞ്ഞു.

തന്റെ ആകെയുള്ള സമ്പാദ്യമായ 2,00,850 രൂപയില്‍ രണ്ടുലക്ഷം രൂപയും വാക്‌സിന്‍ ചലഞ്ചിലേക്ക് കൈമാറിയ ജനാര്‍ദനന്‍ കൊവിഡില്‍ തളര്‍ന്ന് നില്‍ക്കുന്ന കേരളത്തിന് ശുഭപ്രതീക്ഷയുടെ കൈത്താങ്ങായി മാറി. പിണറായി വിജയന്‍ സര്‍ക്കാര്‍ രണ്ടാംവട്ടം അധികാരത്തിലെത്തിയപ്പോള്‍ ജനാര്‍ദനന് സത്യപ്രതിജ്ഞയ്ക്ക്പ്രത്യേക ക്ഷണമുണ്ടായി.

എട്ടാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസമുള്ള ജനാര്‍ദനന്‍ പതിമൂന്നാം വയസ്സിലാണ് ബീഡിതെറുപ്പിലേക്ക് കടന്ന് ചെല്ലുന്നത്. പിന്നീട് ദിനേശ് ബീഡി കമ്പനിയില്‍ 36 വര്‍ഷത്തോളം ജോലിചെയ്തു. ഭാര്യ പുന്നത്തുംചാല്‍ രജനിയും ദിനേശ് ബീഡി തൊഴിലാളിയായിരുന്നു. രണ്ടുപേര്‍ക്കുംകൂടി കമ്പനിയില്‍നിന്ന് കിട്ടിയ ആനുകൂല്യത്തില്‍ നിന്നാണ് അദ്ദേഹം വാക്‌സിന്‍ ചലഞ്ചിലേക്ക് നല്‍കാന്‍ പണം കണ്ടെത്തിയത്.