എലത്തൂരിനും തിക്കോടിക്കും ഇടയില്‍ എവിടെയോ ആണ്, ആയിശ; പോര്‍ച്ചുഗീസ് അധിനിവേശത്തിന്‍റെ രക്തസാക്ഷി, പോര്‍ച്ചുഗീസ് പ്രണയകാവ്യത്തിലെ നായിക
മുജീബ് തങ്ങൾ കൊന്നാര്
മുസ്ലിം വനിതകളുടെ സ്വാതന്ത്ര്യസമരം ചരിത്രപഠനം നടത്തുമ്പോൾ ഏതൊരു ചരിത്രകാരന്റെയും മനസ്സിൽ ആദ്യം ഇടംപിടിക്കുക ആയിശ ആയിരിക്കും. ഒരുപക്ഷെ കൊളോണിയൽ അധിനിവേശത്തിന്റെ ആദ്യ വനിതാ രക്തസാക്ഷിയായിരിക്കും ആയിശ. ഇന്ത്യയിലെ പോർച്ചുഗീസ് അധിനിവേശവിരുദ്ധ സമരത്തിന്റെ ഉജ്ജ്വല പ്രതീകമായി നമ്മുടെ ചരിത്രരേഖകളിൽ ഇടംപിടിക്കേണ്ട ഒരു ചരിത്രവനിതയാണ് ആയിശ.
1498-ൽ പോർച്ചുഗീസുകാരനായ വാസ്കോഡഗാമയും സംഘവും കോഴിക്കോടിനടുത്ത കാപ്പാട് കപ്പലിറങ്ങിയതോടെയാണ് ഇന്ത്യയിൽ പോർച്ചുഗീസ് അധിനിവേശത്തിന് തുടക്കം കുറിക്കുന്നത്. വാസ്കോഡ ഗാമയും പോർച്ചുഗീസുകാരും തങ്ങളുടെ ആധിപത്യം കേരളത്തിൽ സ്ഥാപിക്കാൻ കൊള്ളയും കൊലയും നീചപ്രവർത്തനങ്ങളും ചെയ്യാൻ തയ്യാറായ ഒരു കാട്ടാളവർഗമായിരുന്നു. മുസ്ലിംകളെ ആയിരുന്നു അവർ പ്രധാനമായും ഉന്നം വെച്ചിരുന്നത്. ഒരു കാരണവുമില്ലാതെ മുസ്ലിംകളെ അവർ മർദ്ദനത്തിന് വിധേയരാക്കി. ഹജ്ജ് തീർത്ഥാടകരുടെ കപ്പൽ യാത്രാമധ്യേ കൊള്ള ചെയ്ത് യാത്രക്കാരെ കൊലപ്പെടുത്തി കടലിലേക്ക് എറിയുക, ഖുർആൻ ചവിട്ടി തേയ്ക്കുക, ആരാധനാലയങ്ങൾ അശുദ്ധമാക്കുക തുടങ്ങിയ പ്രവർത്തനങ്ങളിൽ പോർച്ചുഗീസുകാർ ഏർപ്പെട്ടിരുന്നതായി ചരിത്ര ഗ്രന്ഥങ്ങളിൽ കാണാം.
കേരളത്തിൽ ആധിപത്യം ഉറപ്പിച്ച പോർച്ചുഗീസ് പട്ടാളം രാത്രിയായാൽ മദ്യത്തിന്റെ ലഹരിയിൽ കടൽ തീരത്തിലൂടെ ഉലാത്തുക പതിവായിരുന്നു. ഒരു ദിവസം രാത്രി റോന്ത് ചുറ്റുന്ന പട്ടാളം ആയിശ എന്ന ഒരു മുസ്ലിം യുവതിയെ കണ്ടുമുട്ടി. ഇന്നത്തെ കോഴിക്കോട് വടകര റൂട്ടിൽ എലത്തൂരിനും തിക്കോടിക്കും ഇടയിലുള്ള കടൽ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു പാവപ്പെട്ട കുടുംബത്തിലെ അംഗമായിരുന്നു ആയിശ.
ഭർത്താവില്ലാത്ത തക്കം നോക്കി അവളെ തട്ടിക്കൊണ്ടുപോയി. ഒമ്പത് പേരടങ്ങുന്ന പോർച്ചുഗീസ് പട്ടാളസംഘമായിരുന്നു നിഷ്കളങ്കയായ ആ യുവതിയെ ബലാൽകാരമായി കൊണ്ട് പോയത്.
തിക്കോടിക്കടുത്തുള്ള കടലിലെ വെള്ളിയാങ്കല്ലിൽ ആയിശയെ കാമദാഹികളായ ആ പട്ടാളക്കാർ ബലാത്സംഗം ചെയ്യുമ്പോള്‍ അവരിൽ അല്പം മനുഷ്യത്വമുള്ള ഒരു പട്ടാളക്കാരൻ അവരെ തടഞ്ഞു നിർത്തി. എന്നാൽ ക്രൂരരായായ അവർ സഹപ്രവർത്തകന്റെ വാക്കുകൾ ചെവികൊള്ളാൻ തയ്യാറായില്ല. തങ്ങളെ എതിർത്തതിന് അദ്ദേഹത്തെ വെള്ളിയാങ്കല്ലിന്റെ പാറയിൽ ചങ്ങലയിൽ ബന്ധിക്കു കയായിരുന്നു ആ മനുഷ്യമൃഗങ്ങൾ ചെയ്തത്.
തങ്ങളുടെ ലൈംഗികദാഹം ശമിച്ചതിനുശേഷം പോർച്ചുഗീസ് പട്ടാളം അവളെ കൊന്ന് മൃതശരീരം വെട്ടിനുറുക്കി അറബികടലിന്റെ തിരമാലകളിലേക്ക് വലിച്ചെറിഞ്ഞു. രക്തത്തിൽ പുരണ്ട് ആയിശയുടെ ശരീരഭാഗങ്ങൾ ആഴക്കടലിലേക്ക് താണുപോയി. പോർച്ചുഗീസ് പട്ടാളത്തിന്റെ ഈ കാട്ടാളത്തത്തിന് മൂകസാക്ഷിയാകാൻ മാത്രമേ വെള്ളിയാങ്കല്ലിന് കഴിഞ്ഞുള്ളൂ.
ആയിശയെ നശിപ്പിക്കാതെ വിട്ടയക്കണമെന്ന് നന്മ ഉപദേശിച്ച പട്ടാളക്കാരനെ രാജ്യദ്രോഹകുറ്റം ചുമത്തി പോർച്ചുഗലിന്റെ ഇന്നത്തെ തലസ്ഥാനമായ ലിബ്സണിലേക്ക് നാടുകടത്തി. തുടർന്ന് പോർച്ചുഗൽ ഭരണതമ്പുരാക്കന്മാർ ആ മനുഷ്യസ്നേഹിയായ പട്ടാളക്കാരനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പക്ഷേ പോർച്ചുഗൽ തടവറ അദ്ദേ ഹത്തെ വിഷമിപ്പിച്ചില്ല. മറിച്ച്, ഒരുൾക്കിടിലത്തോടെ എപ്പോഴും അദ്ദേഹം ഓർത്തത് ആയിശ എന്ന പെൺകുട്ടിയേയും അവളെ തന്റെ സഹപ്രവർത്തകർ നശിപ്പിച്ച് കൊന്നതിനു ശേഷം കടലിലേക്ക് എറിഞ്ഞ സംഭവമായിരുന്നു. കാരാഗൃഹത്തിൽ കഴിയുമ്പോഴും ആയിശയുടെ ദീനരോധനം വെള്ളിയാങ്കല്ലിൽ കണ്ട അവളുടെ മുഖവും അദ്ദേഹത്തിന്റെ മനസ്സിൽ നിറഞ്ഞ് നിന്നു. തുടർന്ന് അസഹനീയമായ വേദനയിൽ ആ പട്ടാളക്കാരന്റെ ദുഃഖം ഒരു കവിതയായി രൂപാന്തരം പ്രാപിച്ചു. അതാണ് ആയിശ. പോർച്ചുഗീസ് ഭാഷയിൽ 16-ാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ഈ കവിതയിൽ ആയിശ എന്ന മലയാളി പെൺകൊടിക്ക് സംഭവിച്ച കഷ്ടപ്പാടിന്റെ കഥയാണ് അദ്ദേഹം ഒപ്പി യെടുത്തത്.
നമ്മുടെ നാട്ടിൽ ഗസലിന് സമാനമായ ഫാസ്റ്റോ (FASTO) എന്ന റിയപ്പെടുന്ന ഒരു ഗാനശാഖ പോർച്ചുഗീസ് ഭാഷയിൽ ഉണ്ട്. വിരഹത്തിന്റേയും പ്രണയത്തിന്റേയും ആവിഷ്കാരങ്ങളുള്ള ഒരു ഗാനശാഖയാണിത്. ഈ ഗാനശാഖയിൽ ആയിശയുടെ കഥയും പോർച്ചുഗീസുകാർ പാടുന്നുണ്ട്. പതിനാറാം നൂറ്റാണ്ടിൽ വിരചിതമായ ഈ ദുരന്തകാവ്യം ഇന്നും പോർച്ചുഗീസ് സാഹിത്യത്തിൽ മാസ്റ്റർപീസായി സ്ഥാനം പിടിക്കുന്നു.
1986 വരെ ആയിശ’ എന്ന മലയാളി പെൺകുട്ടിയുടെ കദന അനാവരണം ചെയ്യുന്ന ഒരു കവിത പോർച്ചുഗീസ് ഭാഷയിൽ രചിക്കപ്പെട്ടിരുന്നതായി ഒരൊറ്റ മലയാളിക്കുപോലും അറിയില്ലായിരുന്നു.
പോർച്ചുഗലിലെ ലിബ്സൺ യൂണിവേഴ്സിറ്റിയിൽ ആഫ്രോഏഷ്യൻ വിഭാഗത്തിലെ ചരിത്ര വിദ്യാർത്ഥിനിയായിരുന്ന ക്രിസ്റ്റീന 1986-ൽ തന്റെ പഠനഗവേഷണത്തിന്റെ ഭാഗമായി ഇന്ത്യയിൽ എത്തി. കാശ്മീരിൽ ക്രിസ്റ്റീന പര്യടനം നടത്തുന്ന സമയത്താണ് വിനോദ സഞ്ചാരിയായി കാശ്മീരിൽ എത്തിയ ചരിത്രഗവേഷകനും അനേകം ചരിത്രഗ്രന്ഥങ്ങളുടെ കർത്താവുമായ അബ്ദു ചെറുവാടിയെ പരിചയപ്പെട്ടത്. പരസ്പരം പരിചയപ്പെട്ടതിനുശേഷം ക്രിസ്റ്റീന ചോദി ച്ചു. “ആയിശയെ അറിയുമോ?” അബ്ദു പറഞ്ഞു: “അറിയില്ല. തുടർന്ന് ആയിശ എന്ന ദുരന്തകാവ്യത്തിന്റെ ചുരുൾ ക്രിസ്റ്റീന വിവരിച്ചുകൊടുത്തു. ഇങ്ങിനെയാണ് ആയിശ എന്ന മലയാളി പെൺകൊടിയുടെ ദുരന്തകഥ കേരളം അറിയുന്നത്.
ആയിശ എന്ന ശോകകാവ്യവും ആയിശ എന്ന ദുരന്തകഥാ പാത്രവും മലയാളിയെ സംബന്ധിച്ചിടത്തോളം ഒരു കവിത എന്ന തിലുപരി അധിനിവേശ വിരുദ്ധ സമരത്തിന്റെ പ്രതീകമായി നമ്മുടെ ചരിത്രഗ്രന്ഥങ്ങളിൽ സ്ഥാനം പിടിക്കേണ്ട ചരിത്രസംഭവമത്രെ.
( ലേഖകൻ്റെ സ്വാതന്ത്ര്യ സമരത്തിലെ മുസ്ലിം വനിതകൾ എന്ന കൃതിയിൽ നിന്ന് )