സ്വപ്‌നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കി അവര്‍ പറന്നുയരും; കൊയിലാണ്ടിയില്‍ അത്‌ലറ്റിക് പരിശീലന ക്യാമ്പ്


കൊയിലാണ്ടി: കായിക ചരിത്രത്തിലേക്ക് പുതിയ താളുകള്‍ എഴുതി ചേര്‍ക്കുന്നതിനായി കൊയിലാണ്ടിയില്‍ കായിക താരങ്ങള്‍ക്ക് പരിശീലന ക്യാമ്പ്. കോഴിക്കോട് ജില്ലാ അത്‌ലറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കൊയിലാണ്ടി നഗരസഭയുടെ സഹായത്തോടെയാണ് അറ്റ്‌ലറ്റിക് പരിശീലനം സംഘടിപ്പിച്ചത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

പ്രസിദ്ധരായ അനേകം കായികതാരങ്ങളെ വാര്‍ത്തടുത്ത കൊയിലാണ്ടി സ്റ്റേഡിയത്തില്‍ ദീര്‍ഘകാലത്തിനുശേഷമാണ് അത്‌ലറ്റിക് പരിശീലനത്തിനു തുടക്കമാവുന്നത്. മികച്ച പരിശീലകാരാണ് പരിശീലനത്തിനു നേതൃത്വം നല്‍കുന്നത്. എണ്‍പതോളം കായികതാരങ്ങള്‍ പങ്കെടുക്കുന്ന ക്യാമ്പ് പതിനഞ്ച് ദിവസം നീണ്ടുനില്‍ക്കും. പരിശീലനത്തിനു ശേഷം എല്ലാ ദിവസവും നഗരസഭയുടെയും സന്നദ്ധസംഘടനകളുടെയും സഹായത്തോടെ ലഘുഭക്ഷണം നല്‍കും.

വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നിജില പറവക്കൊടി അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ കെ അജിത്ത്മാസ്റ്റര്‍, ജില്ലാ ആസൂത്രണസമിതിയംഗവും കൌണ്‍സിലറുമായ വി പി ഇബ്രാഹിം കുട്ടി, കായികഅധ്യാപിക നിര്‍മല ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. ക്യാമ്പ് കോഡിനേറ്ററും പരിശീലകനുമായ എം ജ്യോതികുമാര്‍ സ്വാഗതവും പി ശ്രീലാല്‍ നന്ദിയും പറഞ്ഞു.