‘കിടിലന്‍ നാട്, സ്‌നേഹമുള്ള ആളുകള്‍, കൊയിലാണ്ടിക്കാരിയാണെന്നതില്‍ അഭിമാനം’; ജന്മനാടിനെ കുറിച്ച് വാചാലയായി ബിഗ് ബോസ് സീസണ്‍-4 താരം ദില്‍ഷ പ്രസന്നന്‍ (വീഡിയോ കാണാം)


കൊയിലാണ്ടി: ജന്മനാടിനെ കുറിച്ച് വാചാലയായി ബിഗ് ബോസ് താരം ദില്‍ഷ പ്രസന്നന്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ദില്‍ഷ കൊയിലാണ്ടിയെ കുറിച്ച് സംസാരിച്ചത്. കൊയിലാണ്ടിക്കാരിയാണെന്നതില്‍ തനിക്ക് അഭിമാനമാണെന്ന് ദില്‍ഷ അഭിമുഖത്തില്‍ പറഞ്ഞു. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ ഇക്കഴിഞ്ഞ സീസണിലെ വിജയിയാണ് ദിൽഷ.

‘കൊയിലാണ്ടി നല്ല കിടിലന്‍ നാടാണ്. എനിക്ക് ശരിക്ക് അഭിമാനമാണ് ഞാന്‍ കോഴിക്കോടുകാരിയാണ് അല്ലെങ്കില്‍ കൊയിലാണ്ടിക്കാരിയാണ് എന്ന് പറയാന്‍. ഭയങ്കര സ്‌നേഹമുള്ള കുറേ ആളുകളാണ് അവിടെയുള്ളത്. വേറെ സ്ഥലത്ത് നിന്ന് ഒരാള് വന്നുകഴിഞ്ഞാല്‍ എങ്ങനെ ട്രീറ്റ് ചെയ്യണം, എങ്ങനെ സ്‌നേഹിക്കണം എന്ന് കൊയിലാണ്ടിക്കാര്‍ക്ക് അറിയാം.’ -ദില്‍ഷ പറഞ്ഞു.

ദില്‍ഷയുമായുള്ള അഭിമുഖം നടത്തിയ അവതാരകയും കൊയിലാണ്ടിയെ കുറിച്ച് അഭിമുഖത്തില്‍ പരാമര്‍ശിച്ചു. നല്ല രസമുള്ള നാടാണ് കൊയിലാണ്ടിയെന്നും ഭയങ്കര സ്‌നേഹമുള്ള നാട്ടുകാരാണ് അവിടെയെന്നുമാണ് അവതാരക പറഞ്ഞത്. താന്‍ ഇടയ്ക്ക് കൊയിലാണ്ടിയില്‍ വരാറുണ്ടെന്നും കൊയിലാണ്ടിക്കാര്‍ക്ക് നല്ല ആതിഥ്യ മര്യാദയാണെന്നും അവതാരക കൂട്ടിച്ചേര്‍ത്തു.

മറ്റ് ചില കാര്യങ്ങളും അഭിമുഖത്തില്‍ ദില്‍ഷ തുറന്ന് പറഞ്ഞു. നമ്മള്‍ പറയുന്ന കാര്യങ്ങളല്ല സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നതെന്ന് ദില്‍ഷ പറഞ്ഞു. നമ്മള്‍ പറയുന്ന കാര്യം ആളുകള്‍ എങ്ങനെയാണ് മനസിലാക്കുന്നതെന്ന് അറിയില്ല. താന്‍ പറയുന്ന ഒരു ചെറിയ വാക്ക് വെച്ച് ആ ഒരു ഫുള്‍ വീഡിയോയെ വേറെ രീതിയിലായിരിക്കും ചിത്രീകരിക്കുക. അക്കാര്യം ആലോചിക്കുമ്പോള്‍ തനിക്ക് ഏറെ വിഷമം തോന്നിയിരുന്നു. ഒരു പക്ഷെ തന്റെ തെറ്റ് ആയിരിക്കാം. ഞാന്‍ കണ്‍വേ ചെയ്യുന്നതിന്റെ പ്രശ്‌നമായിരിക്കാമെന്നും താരം വ്യക്തമാക്കുന്നു.

ബ്ലാംഗ്ലൂര്‍ ലൈഫ് എന്ന് പറയുന്നത് എന്നെ സംബന്ധിച്ച് നോര്‍മ്മല്‍ ലൈഫാണ്. ജോലിക്ക് പോകുന്നു വീട്ടിലേക്ക് തിരിച്ച് വരുന്നു. സാലറി കിട്ടുമ്പോള്‍ ചെറിയ ചെറിയ ട്രിപ്പുകള്‍ പ്ലാന്‍ ചെയ്യും. നൈറ്റ് ലൈഫിനെക്കാള്‍ തനിക്ക് ഇഷ്ടം ഇത്തരം യാത്രകളോടാണെന്നും ദില്‍ഷ പ്രസന്നന്‍ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും മാറ്റി നിര്‍ത്തിയാല്‍ ഫഹദ് ഫാസിലിനെ വലിയ ഇഷ്ടമാണ്. ഒരുമിച്ച് അഭിനയിക്കാന്‍ ഒരുപാട് താല്‍പ്പര്യം ഉണ്ട്. ദുല്‍ഖര്‍, പൃഥ്വിരാജ് തുടങ്ങിയ എല്ലാവരേയും ഒരുപാട് ഇഷ്ടമാണ്. നടിമാരുടെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ ശോഭന, പാര്‍വതി തുടങ്ങി ആ ഒരു കാലഘട്ടത്തിലുള്ളവരെയാണ് കൂടുതല്‍ ഇഷ്ടം. ഇപ്പോഴുള്ളവരോടും താല്‍പ്പര്യമുണ്ട്. പ്രത്യേകിച്ച് അപര്‍ണ ബാലമുരളി ഉള്‍പ്പെടെയുള്ളവര്‍.

ബിഗ് ബോസിലേക്കും ഡി ഫോര്‍ ഡാന്‍സിലേക്കുമൊക്കെ വീണ്ടും വിളിച്ചാല്‍ തീര്‍ച്ചയായും പോവും. ഡി ഫോര്‍ ഡാന്‍സ് വേദിയെന്ന് പറയുന്നതൊക്കെ പ്രത്യേക അനുഭവമാണ്. ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് ശേഷം ഇഷ്ടമില്ലാത്ത കാര്യങ്ങളൊക്കെ പറഞ്ഞ് ഒരുപാട് കോളുകളും മെസേജും വന്നിരിന്നു. ആദ്യമൊക്കെ ഞാന്‍ തന്നെയായിരുന്നു ഫോണ്‍ എടുക്കാറുണ്ടായിരുന്നത്.

ബിഗ് ബോസിലെ എപ്പിസോഡുകളൊന്നും ഇതുവരെ കണ്ടിട്ടില്ല. എല്ലാവരും അങ്ങനെ തന്നെയാണെന്ന് തോന്നുന്നു. കഴിഞ്ഞ ദിവസം റിയാസിനെ കണ്ടപ്പോള്‍ അവന്‍ പറഞ്ഞത് എന്തോ രണ്ട് എപ്പിസോഡ് മാത്രമാണ് കണ്ടതെന്നാണ്. ഞാനും യൂട്യൂബില്‍ വന്ന എന്തോ ഒന്നോ രണ്ട് വീഡിയോ ക്ലിപ്പുകള്‍ മാത്രമാണ് കണ്ടത്.

കൊയിലാണ്ടിയില്‍ ജനിച്ച് വളര്‍ന്ന ദില്‍ഷ കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, ഫ്രാങ്ക്ഫിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലാണ് പഠിച്ചത്. പ്രസന്നയുടെയും ബീനയുടെയും മകളാണ്. എയര്‍ ഹോസ്റ്റസ് ആവുക എന്നതാണ് ഈ ഇരുപത്തിയൊന്‍പതുകാരിയുടെ സ്വപ്നം. നന്നായി നൃത്തം ചെയ്യുന്ന ദില്‍ഷ മഴവില്‍ മനോരമ ചാനലിലെ ഡി-4 ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയയായത്. ബെംഗളൂരുവില്‍ അഡ്മിന്‍ കോ-ഓര്‍ഡിനേറ്ററായി ജോലി ചെയ്യുന്നതിനിടെയാണ് ദില്‍ഷ ബിഗ് ബോസിലെത്തിയത്.

വീഡിയോ കാണാം:

വീഡിയോ കടപ്പാട്: സ്മാർട്ട് പിക്സ് മീഡിയ

Summery: Asianet reality show bigg boss season 4 winner dilsha prasannan talks about her native place koyilandy in an interview watch video.