‘ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി കേരളാ ടീമിന് വേണ്ടി കളിക്കുന്നത്, ഇപ്പോള്‍ സെലക്ഷന്‍ കിട്ടിയതില്‍ ഏറെ സന്തോഷം’; സന്തോഷ് ട്രോഫിക്കായുള്ള കേരള ടീമില്‍ ഇടം പിടിച്ച കൂരാച്ചുണ്ട് സ്വദേശി അര്‍ജുന്‍ ബാലകൃഷ്ണന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്
കൂരാച്ചുണ്ട്: സന്തോഷ് ട്രോഫി ടീമില്‍ സെലക്ഷന്‍ കിട്ടിയതില്‍ അതിയായ സന്തോഷവും അഭിമാനവുമുണ്ട്. ടീമില്‍ കിട്ടുമെന്ന് നേരത്തെതന്നെ പ്രതീക്ഷയുണ്ടായിരുന്നു. കേരളാ ടീമിനെ വിജയിപ്പിക്കാനായി ആത്മാര്‍ത്ഥമായി പരിശ്രമമിക്കുമെന്നും കൂരാച്ചുണ്ട് സ്വദേശി അര്‍ജ്ജുന്‍ ബാലകൃഷ്ണന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഒഡീഷയില്‍ വച്ച് നടക്കാനിരിക്കുന്ന സന്തോഷ് ട്രോഫി മത്സരത്തില്‍ കേരളാ ടീമിനു വേണ്ടി മത്സരിക്കാനൊരുങ്ങുകയാണ് കൂരാച്ചുണ്ട് പൂവത്തുംചോല നടുക്കണ്ടി പറമ്പില്‍ അര്‍ജുന്‍ ബാലകൃഷ്ണന്‍.
എം.ജി. യൂണിവേഴ്‌സിറ്റി ടീമിന്റെ ക്യാപ്റ്റനായിരിക്കെയാണ് അര്‍ജ്ജുന് സന്തോഷ് ട്രോഫീ ഫുട്ബാള്‍ ടീമിലേക്ക് സെലക്ഷന്‍ ലഭിക്കുന്നത്. സന്തോഷ് ട്രോഫി ടീമിനായുള്ള ആദ്യം സൗത്ത് സോണ്‍ സെലക്ഷന്‍ നടന്നപ്പോള്‍ കേരളാ പ്രീമിയര്‍ ടീമില്‍ എത്തുകയും പിന്നീട് ഓള്‍ ഇന്ത്യാ ടീമിലേക്ക് സെലക്ഷന്‍ ലഭിക്കുകയുമായിരുന്നു.
കേരളാ ടീമിനു വേണ്ടിയും എം.ജി യൂണിവേഴ്‌സിറ്റി ടീമിനു വേണ്ടിയും നിരവധി മത്സരങ്ങളില്‍ അര്‍ജ്ജുന്‍ പങ്കെടുക്കുകയും ടീമിനായി നിരവധി കപ്പുകള്‍ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ തവണ ബാംഗളൂരുവില്‍ വെച്ച് നടന്ന ഖേലോ ഇന്ത്യാ മത്സരത്തില്‍ അര്‍ജ്ജുനുള്‍പ്പെടുന്ന ടീമിനായിരുന്നു കപ്പ് ലഭിച്ചത്.
കുട്ടിക്കാലം മുതല്‍ ഫുട്‌ബോള്‍ കളിക്കുമായിരുന്നു. ഏഴാം ക്ലാസില്‍ പഠിക്കുമ്പോളാണ് ആദ്യമായി കേരളാ ടീമിനു വേണ്ടി കളിക്കുന്നത്. കൊല്‍ക്കത്തയില്‍ വെച്ചു നടന്ന മത്സരത്തില്‍ പങ്കെടുത്തു. എട്ടാം ക്ലാസു മുതല്‍ പ്ലസ്ടു വരെ എറണാകുളത്ത് സ്‌പോട്‌സ് സ്‌കൂളിലാണ് പഠിച്ചത്. അപ്പോഴും ഒരുപാട് മത്സരങ്ങലില്‍ പങ്കെടുക്കാന്‍ സാധിച്ചതായും അര്‍ജ്ജുന്‍ പറഞ്ഞു. അച്ഛനും അമ്മയും നന്നായി സപ്പോര്‍ട്ട് ചെയ്തിരുന്നു. അവരുടെ പിന്‍ന്തുണയാണ് എല്ലാനേട്ടങ്ങളിലേക്കും നയിച്ചതെന്നും അര്‍ജ്ജുന്‍ കൂട്ടിച്ചേര്‍ത്തു.
എം.ജി യൂണിവേഴ്‌സിറ്റിയ്ക്കു കീഴിലുള്ള നിര്‍മ്മല്‍ കോളേജില്‍ അവസാന വര്‍ഷ ബി.എ ഇക്കണോമിക്‌സ് വിദ്യാര്‍ത്ഥിയാണ് അര്‍ജുന്‍. കൂരാച്ചുണ്ട് നടുക്കണ്ടി പറമ്പില്‍ ബാലകൃഷ്ണന്‍ ബീന ദമ്പതികളുടെ മകനാണ്. നകുല്‍ ബാലകൃഷ്ണന്‍ സഹോദരനാണ്.
അര്‍ജ്ജുന്‍ ഉള്‍പ്പെടുന്ന സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടീമിന്റെ ആദ്യ മത്സരം നടക്കുന്നത്. ഫെബ്രുവരി 10നാണ്. ആദ്യ മത്സരത്തില്‍ കേരളം ഗോവയെ നേരിടും. പിന്നീട് 12, 14 തുടങ്ങി ഒന്നിടവിട്ട ദിവസങ്ങളിലായി അഞ്ച് മത്സരങ്ങളാണ് കേരളത്തിനുള്ളത്. കളി വിജയിക്കുന്നതിനനുസരിച്ചാണ് തുടര്‍ന്നുള്ള മത്സരങ്ങള്‍.
Summary: Arjun Balakrishnan, native of Koorachund who has been selected in the santhosh trophy team talking to perambra news. com