ഫോണിലൂടെ നിരന്തര ഭീഷണി; പ്ലസ് വണ്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അരിക്കുളം സ്വദേശി പിടിയില്‍


അരിക്കുളം: കരുനാഗപ്പള്ളിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അരിക്കുളം സ്വദേശി പിടിയില്‍. കോട്ടുകുന്നുമ്മല്‍ സുരേഷ് (37)ആണ് പിടിയിലായത്. ഇയാള്‍ക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റത്തിന് കേസെടുത്തു.

കരുനാഗപ്പള്ളി തൊടിയൂര്‍ സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ഇയാളെ പിടികൂടിയത്. ഗള്‍ഫിലേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നു പ്രതി. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഗുജറാത്തില്‍ നിന്നും പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.

മാര്‍ച്ച് 12നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അയല്‍വാസികള്‍ക്കൊപ്പം തിരുവാതിര കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടി ഒരു ഫോണ്‍ വന്നതിന് പിന്നാലെ വീട്ടിനുള്ളിലേക്ക് കയറിപ്പോകുകയായിരുന്നു. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത കരുനാഗപ്പള്ളി പൊലീസ് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് സുരേഷിനെ വീഡിയോ കോള്‍ ചെയ്തുകൊണ്ട് നില്‍ക്കുന്നതിനിടെയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് കണ്ടെത്തിയത്.

ഫോണിലൂടെയുള്ള ഇയാളുടെ നിരന്തരമായ ശല്യം സഹിക്കവയ്യാതെയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ജില്ലാ പൊലീസ് മേധാവി വിവേക് കുമാര്‍ ഐ.പി.എസിന്റെ നിര്‍ദേശ പ്രകാരം പൊലീസ് സംഘം നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ഒളിവിലാണെന്ന് മനസിലാക്കുകയും പിന്നീട് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പിടികൂടുകയുമായിരുന്നു.