അരിക്കുളം ഊട്ടേരിക്കുന്ന് കുടിവെള്ള വിതരണം പുനസ്ഥാപിക്കണം, ഇല്ലെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യു.ഡി.എഫ്


അരിക്കുളം: ഊട്ടേരിക്കുന്ന് കുടിവെള്ള വിതരണം പുനസ്ഥാപിക്കണെന്ന് യു.ഡി.എഫ് 146ാം ബൂത്ത് കമ്മിറ്റി. പഞ്ചായത്തിലെ ആറ്, ഏഴു വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന ഊട്ടേരികുന്ന് കുടിവെള്ള പദ്ധതിയില്‍ കുടിവെള്ളം ഭാഗികമായി നിലച്ചിട്ട് ഒരു വര്‍ഷമായി. വേനല്‍ കടുത്തിട്ടും കുടിവെള്ള വിതരണം പുനസ്ഥാപിക്കാത്തത്തില്‍ പ്രതിഷേധിച്ച് സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് യു.ഡി.എഫ് ഭാരവാഹികള്‍ അറിയിച്ചു.

150ല്‍ അധികം കുടുംബങ്ങള്‍ ആശ്രയിക്കുന്ന പദ്ധതിയില്‍ ഊട്ടേരി സ്‌കൂള്‍, എടവനകുളങ്ങര ഭാഗത്താണ് കുടിവെള്ള വിതരണം പൂര്‍ണമായും നിലച്ചത്. ജില്ലാ പഞ്ചായത്ത് 15 ലക്ഷം ചിലവഴിച്ചു നവീകരിച്ചു എന്ന് പറയുന്ന പദ്ധതി ഉദ്ഘാടനം കഴിഞ്ഞപ്പോള്‍ ഊട്ടേരിക്കുന്നു ഭാഗത്തും പുത്തൂര്‍കുന്നു ഭാഗത്തും കുടിവെള്ള വിതരണം പൂര്‍ണമായും നിലച്ച അവസ്ഥയില്‍ ആണ്. ഭൂരിഭാഗം പേര്‍ക്കും കിണര്‍ പോലുമില്ലാത്ത പ്രദേശമാണ് ഊട്ടേരിക്കുന്നെന്നും ഭാരവാഹികള്‍ പറഞ്ഞു.

പദ്ധതിയുടെ നടത്തിപ്പിന് പഞ്ചായത്ത് ഒരു കാലത്തും ശ്രദ്ധപുലര്‍ത്താറില്ല. കുടിവെള്ള ഉപഭോക്തൃ കമ്മറ്റിയാണ് പദ്ധതി നടത്തികൊണ്ടുപോകുന്നത്. പഞ്ചായത്ത് പ്രസിഡന്റ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ എന്നിവരാണ് ഈ രണ്ടു വാര്‍ഡിലെയും മെമ്പര്‍മാരെന്നും യു.ഡി.എഫ് പ്രസ്താവനയില്‍ വ്യക്തമാക്കി.

ശശി ഊട്ടേരി, സി.നാസര്‍, റഫീഖ് കറുങ്ങോട്ട്, കെ.കെ.സുനില്‍കുമാര്‍, മുസ്തഫ ടി.പി, ഗിരീഷ് കുമാര്‍ പാറോല്‍, നൗഷാദ് മുക്കാലം പുറത്ത്, ഹാഷിം.കെ.കെ, അമ്മത് കുട്ടി എന്നിവര്‍ പ്രസംഗിച്ചു.