സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരാണോ? അനര്‍ഹരാണെങ്കില്‍ നിങ്ങള്‍ ഇനി പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് പുറത്താകും; നിബന്ധനകള്‍ അറിയാം
കോഴിക്കോട്: അര്‍ഹതയില്ലാതെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരെ കണ്ടെത്താനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ശനമാക്കി. അനര്‍ഹരെ കണ്ടെത്തി എത്രയുംവേഗം അവരെ പുറത്താക്കാനാണ് തീരുമാനം.
നിലവില്‍ ഒരാള്‍ക്ക് മാസംതോറും 1600 രൂപയാണ് പെന്‍ഷനായി നല്‍കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ അനര്‍ഹര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ കോടികള്‍ ചെലവിടുന്നതിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
നിലവില്‍ സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരില്‍ 9600 പേര്‍ രണ്ട് ഏക്കറിലധികം ഭൂമിയുള്ളവരാണെന്നു ധനവകുപ്പു കണ്ടെത്തിയിട്ടുണ്ട്. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരില്‍ പട്ടിക വിഭാഗക്കാര്‍ ഒഴികെയുള്ളവര്‍ക്ക് സ്വന്തം പേരിലോ കുടുംബത്തിന്റെ പേരിലോ രണ്ടേക്കറില്‍ കൂടുതല്‍ ഭൂമി ഉണ്ടാകാന്‍ പാടില്ലെന്നാണു നിബന്ധന. ഇത് മറച്ചുവച്ചാണ് പലരും പെന്‍ഷന്‍ വാങ്ങുന്നത്.
ഇവരെ പദ്ധതിയില്‍ നിന്ന് നീക്കാനുള്ള നടപടികളാണ് തുടങ്ങിയത്. ഇത്തരക്കാരെ ഹിയറിംഗിന് വിളിച്ച് അവരുടെ ഭൂരേഖകള്‍ വിശദമായി പരിശോധിച്ച ശേഷമായിരിക്കും നടപടിയിലേക്ക് കടക്കുക.