വീണ്ടും തെരുവ് നായയുടെ ആക്രമണം; തൃശ്ശൂരില്‍ തെരുവ് നായയുടെ കടിയേറ്റ് അമ്മക്കും മകള്‍ക്കും പരിക്ക്


തൃശ്ശൂര്‍: തൃശ്ശൂരില്‍ തെരുവ് നായയുടെ കടിയേറ്റ് അമ്മക്കും മകള്‍ക്കും പരിക്ക്. മുക്കണ്ടത്ത് തറയില്‍ സുരേഷിന്റെ ഭാര്യ ബിന്ദു(44), മകള്‍ ശ്രീക്കുട്ടി(22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തൃശ്ശൂര്‍ പുന്നയുര്‍കുളത്ത് മുക്കണ്ടത്ത് താഴം റോഡില്‍ വച്ചാണ് സംഭവം.

കടയിലേക്ക് നടന്നു പോവുകയായിരുന്ന ബിന്ദുവിനെ തെരുവ് നായ കടിക്കുകയായിരുന്നു. ബിന്ദുവിനെ രക്ഷിക്കുന്നതിനിടെയാണ് മകള്‍ ശ്രീക്കുട്ടിക്ക് കടിയേറ്റത്. ഇരുവരും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ നേടി.

ഇന്നലെ തെരുവ് നായയുടെ അക്രമണത്തില്‍ കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശിയായ നിഹാല്‍ നൗഷാദ് എന്ന പതിനൊന്നുകാരന്‍ മരിച്ചിരുന്നു. ഇന്നലെ വൈകുന്നേരം അഞ്ച് മണി മുതല്‍ നിഹാലിനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ തെരിച്ചിലിലാണ് വീടിന് മുന്നൂറ് മീറ്ററോളം അകല നിന്നും നിഹാലിനെ കണ്ടെത്തിയത്. വീട്ടുകാര്‍ കണ്ടെത്തുമ്പോള്‍ അരയ്ക്ക് താഴേക്ക് ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു കുട്ടി. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.