മേപ്പയ്യൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച സംഭവം; അധ്യാപകന് സസ്‌പെന്‍ഷന്‍


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ അധ്യാപകനെതിരെ നടപടി. എച്ച്.എസ്.ടി ഗണിത അധ്യാപകന്‍ അനീഷ്.കെ.സിയെ അന്വേഷണ വിധേയമായി പതിനാല് ദിവസത്തേക്ക് സസ്‌പെന്റ് ചെയ്തു. കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സി.മനോജ് കുമാറിന്റേതാണ് നടപടി.

ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ അലന്‍ ഷൈജുവിന്റെ രക്ഷിതാവ് നല്‍കിയ പരാതിയിലാണ് നടപടി. ഡിസംബര്‍ മൂന്ന് ക്ലാസ് മുറിയില്‍വെച്ച് മര്‍ദ്ദിച്ചെന്നാണ് രക്ഷിതാവിന്റെ പരാതി. അധ്യാപകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് വിദ്യാര്‍ഥിക്ക് തോളെല്ലിന് പരിക്കുണ്ടെന്നും ചികിത്സയിലാണെന്നും രക്ഷിതാവും പ്രധാന അധ്യാപകനും അറിയിച്ചിരുന്നു. വടകര ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിലും അധ്യാപകനില്‍ നിന്ന് വിദ്യാര്‍ഥിക്ക് മര്‍ദ്ദനമേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അധ്യാപകനെ സസ്‌പെന്റ് ചെയ്യുന്നതെന്ന് ഡി.ഡി.ഇ ഉത്തരവില്‍ വ്യക്തമാക്കി.

ക്ലാസ് നടക്കുന്നതിനിടെ കുട്ടി തൊട്ടടുത്തിരുന്ന കുട്ടിയുമായി സംസാരിച്ചതിനെ തുടര്‍ന്ന് കണക്ക് അധ്യാപകന്‍ അനീഷ് അടിക്കുകയായിരുന്നുവെന്ന് അലന്റെ പിതാവ് ഷൈജു പറഞ്ഞത്. കൈ കൊണ്ട് തോളെല്ലിന് അടിക്കുകയും കൈ മടക്കി ഇടിക്കുകയും ചെയ്തു. ഇടവേളയ്ക്ക് ബാത്ത്റൂമില്‍ പോയ അലന്‍ അധ്യാപകന്‍ അടിച്ച ഭാഗം സുഹൃത്തുകള്‍ക്ക് കാണിച്ചു കൊടുത്തു. തോളെല്ലിന് സമീപത്തായി അധ്യാപകന്‍ അടിച്ചതിന്റെ പാട് കണ്ടതിനെ തുടര്‍ന്ന് കുട്ടികള്‍ ക്ലാസ് അധ്യാപികയെ വിവരം അറിയിക്കുകയായിരുന്നു. അധ്യാപിക വന്ന് പരിശോധിച്ചപ്പോള്‍ അടി കിട്ടിയ പാട് കാണുകയും വിവരം പ്രധാനാധ്യാപകനെ അറിയിക്കുകയുമായിരുന്നുവെന്നും ഷൈജു പറഞ്ഞിരുന്നു.