കെ.കെ ശൈലജ ടീച്ചര്‍ക്കായി ‘വോട്ടഭ്യര്‍ത്ഥിച്ച്’ അമേരിക്കൻ വിനോദ സഞ്ചാരിയും; തൊട്ടില്‍പ്പാലത്ത് നിന്നിതാ ഒരു കൗതുക കാഴ്ച


തൊട്ടില്‍പ്പാലം: എൽ.ഡി.എഫ് വടകര പാർലിമെന്റ് മണ്ഡലം സ്ഥാനാർഥി കെ.കെ ശൈലജ ടീച്ചര്‍ക്കായി ‘വോട്ടഭ്യര്‍ത്ഥിച്ച്’ അമേരിക്കൻ വിനോദ സഞ്ചാരിയും. നാദാപുരം പൊതുപര്യടനത്തിനിടെയായിരുന്നു ഈ കൗതുക കാഴ്ച. തൊട്ടില്‍പ്പാലത്തെ ഒന്നാംഘട്ട പര്യടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്വീകരണ വേദിയിയിലേക്കാണ് വിനോദ സഞ്ചാരിയായ ഹാരി എത്തിയത്.

മുത്തുക്കുടയും പോസ്റ്ററുകളും ബലൂണുകളും കണ്ടപ്പോള്‍ ഹാരിക്കും കൗതുകമായി. പിന്നെ ഒന്നും നോക്കിയില്ല. ശൈലജ ടീച്ചറുടെ അടുത്തേക്ക് പോയി കൈ കൊടുത്തു. ടീച്ചറുടെ ചിത്രമുള്ള പ്ലക്കാര്‍ഡ് പിടിച്ച് ടീച്ചറോട് വിശേഷങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു.

മൈസൂരുവില്‍ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രക്കിടെയാണ് ഹാരി തൊട്ടില്‍പ്പാലത്ത് എത്തിയത്. ഹാരിയെ കണ്ടതോടെ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയവര്‍ ചുറ്റും കൂടി നിന്ന് സെല്‍ഫികള്‍ എടുത്തു. എല്ലാവരോടും ഫോട്ടോക്ക് പോസ് ചെയ്തും കൈ കൊടുത്തുമാണ് ഹാരി അവിടെ നിന്നും മടങ്ങിയത്.