കാസർകോട്ട് മോക് പോളിൽ ബിജെപിക്ക് അധികവോട്ടെന്ന് ആരോപണം; പരിശോധിക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകി സുപ്രീംകോടതി


ന്യൂഡൽഹി: കാസർകോട് ലോക്സഭാ മണ്ഡലത്തിൽ ബുധനാഴ്ച നടന്ന മോക് പോളിൽ, പോൾ ചെയ്തതിനെക്കാൾ വോട്ട് ബിജെപിക്ക് ലഭിച്ചെന്ന ആരോപണത്തെക്കുറിച്ച് പരിശോധിക്കാൻ സുപ്രീംകോടതി നിർദേശം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് കോടതി നിർദേശം നൽകിയത്.

വിവിപാറ്റുകൾ എണ്ണണമെന്ന വാദത്തിനിടെയാണ് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കാസർകോട്ടെ മോക് പോൾ വിഷയം കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയത്. മാധ്യമ വാർത്തകൾ ഉദ്ധരിച്ചായിരുന്നു ഭൂഷൺ ഇത് കോടതിയെ ധരിപ്പിച്ചത്. തുടർന്ന് വിഷയം പരിശോധിക്കാൻ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിച്ചു.

ഇതുമായി ബന്ധപ്പെട്ട് എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികളുടെ ഏജന്റുമാർ പരാതി ഉന്നയിച്ചിരുന്നു. കാസർകോട് ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി എം.വി. ബാലകൃഷ്ണൻ, സിറ്റിങ് എംപിയും യുഡിഎഫ് സ്ഥാനാർഥിയുമായ രാജ്മോഹൻ ഉണ്ണിത്താൻ എന്നിവരുടെ ഏജന്റുമാരാണ് ജില്ലാ കലക്ടർ കെ. ഇൻബാശേഖറിനു പരാതി നൽകിയത്.

വോട്ട് രേഖപ്പെടുത്തുമ്പോൾ ബി ജെ പിക്കാണ് വോട്ട് ലഭിക്കുന്നതെന്ന് യു ഡി എഫ് സ്ഥാനാർഥിയുടെ ഏജന്റ് മുഹമ്മദ് നാസർ ചെർക്കളം അബ്ദുല്ല അറിയിച്ചു. കോൺഗ്രസിന്റെ കൈപ്പത്തി ചിഹ്നം വോട്ടിങ് മെഷീനിലെ മറ്റുള്ള ചിഹ്നങ്ങളേക്കാൾ ചെറുതായാണ് കൊടുത്തിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മോക് പോളിന്റെ ആദ്യ റൗണ്ടിൽ 190 വോട്ടിങ് മെഷീനുകളും പരിശോധിച്ചു. 20 മെഷീനുകളാണ് ഒരു സമയം പബ്ലിഷ് ചെയ്തത്. ഒരു യന്ത്രത്തിൽ വോട്ട് രേഖപ്പെടുത്താൻ പത്ത് ഓപ്ഷനുണ്ട്. ഓരോ ഓപ്ഷനും ഓരോ തവണ അമർത്തി പരീക്ഷിച്ചപ്പോൾ നാലു മെഷീനുകളിൽ ബി ജെ പിക്ക് രണ്ടു വോട്ട് ലഭിച്ചതായി വ്യക്തമായി. ബി ജെ പി ചിഹ്നത്തിൽ അമർത്താതിരുന്നപ്പോഴും പാർട്ടിയുടെ കണക്കിൽ ഒരു വോട്ട് രേഖപ്പെടുത്തി. ഇതേത്തുടർന്ന് ഈ മെഷീനുകൾ മാറ്റണമെന്ന് ഏജന്റുമാർ ആവശ്യപ്പെട്ടു.

അതേസമയം, പാറ്റ് ബോക്സിലെ ലൈറ്റ് മുഴുവൻസമയവും ഓൺ ചെയ്തിതിടാൻ നിർദേശിക്കണമെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കോടതിയിൽ ആവശ്യപ്പെട്ടു. അങ്ങനെ ചെയ്താൽ സ്ലിപ്പ് ബാലറ്റ് ബോക്സിലേക്ക് വീഴുന്ന പ്രക്രിയ വോട്ടർമാർക്ക് കാണാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.