‘ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കിയില്ല, നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നു’; കൊയിലാണ്ടി സിദ്ദിഖ് പള്ളിയുടെ കെട്ടിടത്തിലെ ഹോട്ടലിന് നഗരസഭ ലെെസൻസ് നൽകിയതിൽ ക്രമക്കേടെന്ന് ആരോപണം
കൊയിലാണ്ടി: സിദ്ദിഖ് പള്ളിയുടെ ഖബര്‍സ്ഥാന് സമീപത്തെ കെട്ടിടത്തിൽ സ്വകാര്യ വ്യക്തിക്ക് ഹോട്ടല്‍ തുടങ്ങുന്നതിന് കൊയിലാണ്ടി നഗരസഭ ലെെസൻസ് അനുവദിച്ചതിൽ ക്രമക്കേടെന്ന് ആരോപണം. നിർമ്മാണ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന സ്ഥാപനത്തിന് എങ്ങനെ ലെെസൻസ് നൽകിയെന്ന് അധികാരികൾ വ്യക്തമാക്കണമെന്ന് ഖബര്‍സ്ഥാന്‍ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
കീഴൂർ സ്വദേശിയായ അബ്ദുള്ള ആദിലാണ് ലെെസൻസി. ആദം ആന്റ് ഹെെദർ എന്നാണ് ലെെസൻസിലുള്ള കടയുടെ പേര്. മൂന്ന് മുറിയുള്ള കടയ്ക്കാണ് ബേക്കറി, സ്നാക്സ് ആൻഡ് ടേക്ക് എവേ എന്നിവ നടത്തുന്നതിന് നഗരസഭ ലെെസൻസ് അനുവദിച്ചത്. 2022 സെപ്തംബർ 20 മുതൽ 2027 സെപ്തംബർ 19 വരെ അഞ്ച് വർഷ കാലത്തേക്കാണ് ലെെസൻസ് അനുവദിച്ചത്. ഒക്ടോബർ ഒന്നിന് കട ആരംഭിക്കും എന്നാണ് ലെെസൻസിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ കച്ചവടം നടത്തുന്നതിന് ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഒന്നും നിലവിൽ കെട്ടിടത്തിൽ ഇല്ലെന്നും നിർമ്മാണ പ്രവൃത്തികൾ നടക്കുകയാണെന്നും ഖബര്‍സ്ഥാന്‍ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ആരോപിച്ചു. കൃത്യമായ പരിശോധനകൾ നടത്താതെയാണ് ലെെസൻസ് അനുവദിച്ചതെന്നും അവർ പറഞ്ഞു.
സിദ്ദിഖ് പള്ളി പരിസരത്തെ സ്വകാര്യ ഹോട്ടലിന്റെ നിര്‍മ്മാണ പ്രവൃത്തി നേരത്തെ വിവാദമായിരുന്നു. പള്ളിയുടെ ഖബര്‍സ്ഥാനിലെ ഭൂമി സ്വകാര്യ വ്യക്തിക്ക് ഹോട്ടല്‍ നിര്‍മ്മാണത്തിനായി നല്‍കിയതാണ് വിശ്വാസികളെ പ്രകോപിപ്പിച്ചത്. നേരത്തെയും പ്രദേശത്ത് നിര്‍മ്മാണ പ്രവൃത്തി നടത്താനുള്ള നീക്കം വിശ്വാസികള്‍ ഇടപെട്ട് തടഞ്ഞിരുന്നു. തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ കോടതിയെ സമീപിച്ചിരുന്നു.
കോടതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനുമുമ്പ് ഹോട്ടല്‍ അധികൃതര്‍ പ്രവൃത്തി പുനരാരംഭിക്കുകയായിരുന്നുവെന്നാണ് വിശ്വാസികള്‍ പറയുന്നത്. ഖബര്‍സ്ഥാന്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കുന്നത് ഭാവിയില്‍ ആളുകളെ ഖബറടക്കാന്‍ സ്ഥലമില്ലാത്ത സ്ഥിതിവിശേഷമുണ്ടാക്കുമെന്നാണ് വിശ്വാസികളുടെ ആശങ്ക.
Summary: Allegation of irregularity in giving license to the hotel in the building of Koyilady Siddique mosque by the Municipal Council