കവര്‍ച്ച, കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തുടങ്ങി നിരവധി കേസുകളില്‍ പ്രതി; കോഴിക്കോട് സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി
കോഴിക്കോട്: നിരവധി കേസുകളില്‍ പ്രതിയായ കോഴിക്കോട് പെരുവയല്‍ സ്വദേശിയായ മധ്യവയസ്‌കനെ കാപ്പ ചുമത്തി നാടുകടത്തി. പൂവാട്ടുപറമ്പ് കിണറുള്ളകണ്ടി മുഹമ്മദ് (42)നെയാണ് നാടുകടത്തിയത്. റവന്യൂ ജില്ലയിലെ കോഴിക്കോട് താലൂക്ക് പെരുവയല്‍ വില്ലേജില്‍പ്പെട്ടതും കോഴിക്കോട് സിറ്റി പോലീസ് ജില്ലയിലെ മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ സ്ഥിരതാമസക്കാരനുമായ മുഹമ്മദ് ബഷീര്‍ (42) കിണറുള്ളകണ്ടി പൂവാട്ടുപറമ്പ്, കോഴിക്കോട് ജില്ല എന്നയാളെ കാപ്പാ ചുമത്തി ഒരു വര്‍ഷത്തേക്ക് നാടുകടത്തി.
കുന്ദമംഗലം, മാവൂര്‍, മെഡിക്കല്‍ കോളേജ് എന്നീ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരവധി അക്രമ സംഭവങങ്ങളുമായി ബന്ധമുള്ളയാളാണ്. മാരകായുധങ്ങള്‍ ഉപയോഗിച്ചും അല്ലാതെയും ആളുകളെ അടിച്ചുപരിക്കേല്‍പ്പിക്കുക, മുളകുപൊടി ദേഹത്തു തേച്ച് ദേഹോപദ്രവം ചെയ്യുക, പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുക, ലൈംഗിക ചുവയോടുകൂടി സംസാരിക്കുക, അതിനു വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തുക, ടീം ബി എന്ന സ്ഥാപനത്തിന്റെ മറവില്‍ അന്യായമായി ആളുകളെ തടവില്‍ പാര്‍പ്പിക്കുക, പിടിച്ചുപറി, കവര്‍ച്ച തുടങ്ങിയ കേസുകളില്‍ പ്രതിയാണ്. കൂടാതെ ഇയാളുടെ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളെ ചോദ്യംചെയ്യുന്നവരെ ഭീഷണിപ്പുടത്തുകയും അക്രമിക്കുകയുംചെയ്ത് പൊതു സമൂഹത്തിന് ഭീഷണിയായി തുടരുന്ന സാഹചര്യത്തിലാണ് കാപ്പ ചുമത്തിയത്.
ലോ ആന്റ് ഓര്‍ഡര്‍ ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ അനുജ് പലിവാള്‍ ഐ.പി.എസ്. സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡി.ഐ.ജി ആന്റ് കമ്മീഷണര്‍ ഓഫ് പോലീസ് രാജ്പാല്‍ മീണ ഐ.പി.എസ് ആണ് ഉത്തരവിറക്കിയത്. നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന ആളുകളുടെ പ്രത്യേക പട്ടിക തയ്യാറാക്കി നിരീക്ഷിക്കുന്നതിനായി ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് എ.സി.പിക്കും സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട് കേന്ദ്രീകരിച്ച് സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുന്ന ആളുകള്‍ക്കെതിരെ ശക്തമായ നടപടികള്‍ തുടര്‍ന്നും സ്വീകരിക്കുന്നതാണെന്നും പൊലീസ് അറിയിച്ചു.