കൊലപാതകശേഷം മുറി വൃത്തിയാക്കി, മൃതദേഹം പൊതിഞ്ഞ് ഉപേക്ഷിച്ചു; കേസില്‍ അറസ്റ്റിലായ പയ്യോളി സ്വദേശി കൊണ്ടോട്ടി ജ്വല്ലറി മോഷണ കേസിലും പ്രതി, കൊച്ചി ഫ്‌ലാറ്റിലെ കൊലപാതകത്തില്‍ കൂടുതല്‍ പേരുള്‍പ്പെട്ടിട്ടുണ്ടോയെന്ന സംശയത്തില്‍ പോലീസ്


പയ്യോളി: കൊച്ചിയില്‍ യുവാവിനെ കൊലപ്പെടുത്തി കിടക്കവിരിയില്‍ പൊതിഞ്ഞ് ഫ്ളാറ്റില്‍ ഒളിപ്പിച്ച കേസില്‍ കൂടുതല്‍ ആളുകളുടെ പങ്ക് സംശയിച്ച് പൊലീസ്. ഫ്ളാറ്റിലെ ഡക്റ്റില്‍ തൂക്കിയിട്ട നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം മുറി വൃത്തിയാക്കിയിട്ടുണ്ട്. മൃതദേഹം പൊതിഞ്ഞ് എടുത്തു കൊണ്ട് പോയി ഉപേക്ഷിക്കാന്‍ അഞ്ചാറ് മണിക്കൂറെങ്കിലും സമയം വേണം. ഇത്രയും കാര്യങ്ങള്‍ കേസില്‍ അറസ്റ്റിലായ പയ്യോളി സ്വദേശി അര്‍ഷാദിന് ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയുന്നതല്ലെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. എന്നാല്‍ ഫ്ളാറ്റില്‍ സിസിടിവി ഇല്ലാത്തത് വെല്ലുവിളിയാണ്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതി അര്‍ഷാദിനെ വിശദമായി ചോദ്യം ചെയ്താലെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂയെന്നും അദ്ദേഹം വ്യക്തമാക്കി.

കൊല്ലപ്പെട്ട മലപ്പുറം സ്വദേശി സജീവും പ്രതി അര്‍ഷാദും ലഹരിക്ക് അടിമകളായിരുന്നുവെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സ്ഥിരീകരിച്ചു. ലഹരി ഇടപാടിനെ ചൊല്ലിയുള്ള സാമ്പത്തിക തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചത്. ഇന്നലെ കാസര്‍കോട് മഞ്ചേശ്വരത്ത് നിന്ന് അറസ്റ്റിലായ അര്‍ഷാദിന്റെ പക്കല്‍ നിന്ന് എംഡിഎംഎയും ഒരു കിലോ കഞ്ചാവും കണ്ടെത്തിയിരുന്നു. ഇയാളെ ഒളിവില്‍ പോകാന്‍ സഹായിച്ച സുഹൃത്ത് അശ്വന്തിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലഹരി മരുന്ന് കേസിലെ കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമെ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യാനാകൂ. കൊച്ചിയില്‍ നിന്നുള്ള പൊലീസ് സംഘം കാസര്‍കോട് എത്തിയിട്ടുണ്ട്.

പിടിയിലായ അര്‍ഷാദ് കൊണ്ടോട്ടി ജ്വല്ലറി മോഷണക്കേസിലെ പ്രതിയാണെന്നും തെളിഞ്ഞിട്ടുണ്ട്. ഒരുമാസമായി ഇയാള്‍ ഒളിവിലായിരുന്നു. കൊണ്ടോട്ടിയിലെ മോഷണത്തിന് ശേഷം ഗോവയിലേക്ക് കടന്ന അര്‍ഷാദ് പിന്നീടാണ് കൊച്ചിയിലെത്തി കാക്കനാട് സുഹൃത്തുക്കള്‍ക്കൊപ്പം താമസിച്ചത്. ജ്വല്ലറി കവര്‍ച്ചക്കേസില്‍ പൊലീസ് തിരയുന്നതിനിടെയാണ് അര്‍ഷാദ് സജീവിനെ കൊലപ്പെടുത്തുന്നത്. അതേമസമയം ഫ്‌ലാറ്റിലെ മുറിയില്‍ നിന്നും ലഹരി വസ്തുക്കള്‍ ഒന്നു കണ്ടെടുത്തിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. സിന്തറ്റിക് ലഹരിവസ്തുക്കള്‍ കണ്ടെത്തിയിട്ടില്ലെങ്കിലും അവിടത്തെ മണവും മറ്റും മയക്കുമരുന്നിന്റെ സാന്നിധ്യം സംശയിക്കുന്നുണ്ട്. ഫ്‌ലാറ്റില്‍ മയക്കുമരുന്നിന്റെ സ്ഥിരം ഉപയോ?ഗം ഉണ്ടായിരുന്നതായാണ് മനസ്സിലാകുന്നത്. കാക്കനാട്ടിലെ ഫ്‌ലാറ്റില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. മദ്യപിച്ച് ബഹളം കൂട്ടുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ നാട്ടുകാര്‍ പൊലീസില്‍ വിവരം നല്‍കിയില്ല. ഫ്‌ലാറ്റില്‍ സിസിടിവി ഉണ്ടായിരുന്നില്ലെന്നും പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.

കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപം ഇടച്ചിറ വല്യാട്ട് അമ്പലത്തിനടുത്തെ ഒക്‌സോണിയ ഫ്ളാറ്റില്‍ പതിനാറാം നിലയിലാണ് സജീവ് കൃഷ്ണയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഫ്ളാറ്റില്‍ സജീവും അര്‍ഷാദും അടക്കം അഞ്ചുപേരാണ് താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. വിനോദയാത്രയ്ക്ക് പോയ മൂന്നുപേര്‍ തിങ്കളാഴ്ച തിരിച്ചുവന്നപ്പോള്‍ വാതില്‍ തുറന്നില്ല. സജീവിനെയും അര്‍ഷാദിനെയും ഫോണ്‍ വിളിച്ചെങ്കിലും കിട്ടിയില്ല. സമീപത്തെ ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ച കൂട്ടുകാര്‍ ചൊവ്വാഴ്ച ഉച്ചയോടെ മറ്റൊരു താക്കോല്‍ ഉപയോഗിച്ച് ഫ്ളാറ്റ് തുറന്നപ്പോഴാണ് പ്ലാസ്റ്റിക് സഞ്ചിയും കിടക്കവിരിയും കൊണ്ട് പൊതിഞ്ഞനിലയില്‍ സജീവിന്റെ മൃതദേഹം കണ്ടത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് ഇരിങ്ങല്‍ അയനിക്കാട് കോലാരിക്കണ്ടി കെ.കെ. അര്‍ഷാദ്, അതിര്‍ത്തി കടക്കാനിരിക്കെ മഞ്ചേശ്വരത്ത് പിടിയിലായത്. ഇയാളുടെ ഇരുചക്രവാഹനത്തില്‍നിന്ന് 1.56 കിലോ കഞ്ചാവും 5.20 ഗ്രാം എം.ഡി.എം.എ.യും 104 ഗ്രാം ഹാഷിഷും കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന ഇരിങ്ങലിലെ കുന്നുമ്മല്‍ ഹൗസില്‍ കെ. അശ്വന്തിനെയും (23) അറസ്റ്റ് ചെയ്തു.

summary: a native of Paioli who was arrested in the case, is also an accused in the jewelery theft case,