ഹൃദയാഘാതത്തെ തുടർന്ന് മരുതോങ്കര സ്വദേശി യുകെയില്‍ അന്തരിച്ചു


മരുതോങ്കര: ഹൃദയാഘാതത്തെ തുടര്‍ന്ന് മരുതോങ്കര സ്വദേശി യുകെയില്‍ അന്തരിച്ചു. വള്ളിക്കുന്നേല്‍ നോബിള്‍ ജോസ് ആണ് മരിച്ചത്. നാല്‍പ്പത്തി രണ്ട് വയസായിരുന്നു.

യുകെയിലെ വൈറ്റ്ഹാവന്‍ കുംബ്രിയായിലായിരുന്നു നോബിളും കുടുംബവും താമസിച്ചിരുന്നത്. ഇന്നലെ രാവിലെ ഉറക്കത്തില്‍ നിന്നും ഉണരാത്തതിനെ തുടര്‍ന്ന് ഭാര്യ അജിന ആംബുലന്‍സ് വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്നാണ് ഹൃദയാഘാതമാണെന്ന് സ്ഥിരീകരിച്ചത്.

മൂന്ന് വര്‍ഷം മുമ്പ് നോബിളിന് വൃക്ക മാറ്റിവെച്ചിരുന്നു. തുടര്‍ന്ന് ആറു മാസം മുമ്പാണ് യുകെയിലെത്തിയത്‌. നാട്ടില്‍ മരുതോങ്കര സെന്റ് മേരീസ് ഫൊറോനോ ഇടവകാംഗമാണ്.

അച്ഛന്‍: ജോസ്. അമ്മ: അമ്മിണി. ഭാര്യ: അജിന. മക്കള്‍: ജൊഹാന്‍, അലീഷ. ഭാര്യ അജീന ജോസ് വെസ്റ്റ് കുംബർലാൻഡ് ഹോസ്പിറ്റലിൽ നഴ്‌സിങ്ങ് ജോലിക്കായി എട്ടു മാസം മുൻപാണ് എത്തിയത്‌.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. സിറോ മലബാർ മിഷൻ വൈദികനായ ഫാ. അജീഷ് കുമ്പുക്കൽ ഇന്ന് നോബിളിന്‍റെ ഭവനത്തിൽ ഒപ്പീസ് ചൊല്ലുകയും പ്രാർഥനകൾക്ക്‌ നേതൃത്വം നല്‍കുകയും ചെയ്യും.