വിവിധ ജില്ലകളിലായി 50 ഓളം കേസുകളിലെ പ്രതി; ‘ബുളളറ്റ് ഷാലു’ എന്ന് വിളിക്കുന്ന കോഴിക്കോട് സ്വദേശി മുഹമ്മദ് ഷാലു വയനാട്ടില്‍ അറസ്റ്റില്‍


വയനാട്: വയനാട് ബത്തേരിയില്‍ നിരവധിക്കേസുകളിലെ പ്രതി അറസ്റ്റില്‍.  ‘ബുളളറ്റ് ഷാലു’ എന്ന് വിളിക്കുന്ന കോഴിക്കോട് സ്വദേശി മുഹമ്മദ് ഷാലുവിനെയാണ് ബത്തേരി പൊലീസ് പിടികൂടിയത്.

ബത്തേരിയില്‍ വീട് കുത്തിതുറന്ന് 90 പവന്‍ സ്വര്‍ണ്ണവും 43,000 രൂപയും മോഷ്ടിച്ച കേസിന്റെ അന്വേഷണമാണ് അന്തര്‍ സംസ്ഥാന മോഷ്ടാവ് ബുളളറ്റ് ഷാലുവിനെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്. കല്‍പ്പറ്റ ചുണ്ടേലില്‍ വെച്ചാണ് ബത്തേരി പൊലീസ് പ്രതിയെ പിടികൂടിയത്.

മോഷ്ടിച്ച പണം ഉപയോഗിച്ച് വാങ്ങിയ ഐ ഫോണുകളും 3 ലക്ഷം രൂപയും പൊലീസ് ഇയാളുടെ പക്കല്‍ നിന്നും പിടിച്ചെടുത്തു. മോഷണം നടന്ന ബത്തേരിയിലെ വീടിന് സമീപത്ത് വാടകയ്ക്ക് താമസിച്ചായിരുന്നു പ്രതി കവര്‍ച്ച നടത്തിയത്.

സി.സി.ടി.വി. ദൃശ്യങ്ങള്‍ ഉള്‍പ്പടെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലായിരുന്നു അറസ്റ്റ്. ഇയാള്‍ക്കെതിരെ വിവിധ ജില്ലകളിലായി 50 ഓളം കേസുകളുണ്ടെന്ന് ബത്തേരി പൊലീസ് അറിയിച്ചു. പുല്‍പ്പള്ളിയിലെ മറ്റൊരു മോഷണവും പ്രതി സമ്മതിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കി റിമാന്റെ ചെയ്ത പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. തൊണ്ടി മുതല്‍ കണ്ടെത്താനുള്ള നടപടികളും പൊലീസ് തുടങ്ങി.

summary: a native of kozhikode arrested in around 50 cases in various district