തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം: പ്രകോപനപരമായ മുദ്രാവാക്യം ഒഴിവാക്കാന്‍ നിര്‍ദ്ദേശം, വിജയാഹ്ലാദ പ്രകടനങ്ങളുടെ വിവരങ്ങള്‍ മുന്‍കൂട്ടി പോലീസില്‍ അറിയിക്കാനും നിര്‍ദ്ദേശം


കോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ വിജയാഹ്ലാദ പ്രകടനങ്ങളുടെ വിവരങ്ങള്‍ മുന്‍കൂട്ടി പോലീസില്‍ അറിയിക്കാന്‍ ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. ഒരേ റൂട്ടിലും പ്രദേശത്തും ഒന്നിലധികം പാര്‍ട്ടികളുടെ പ്രകടനങ്ങള്‍ ഒന്നിച്ചുവരുമ്പോളുള്ള സംഘര്‍ഷസാധ്യത ഒഴിവാക്കുകയാണ് ലക്ഷ്യം.

ഓരോ പോലീസ് സ്റ്റേഷനിലെയും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ് എച്ച് ഒ)തലത്തിലും ഇത് സംബന്ധിച്ച് രാഷ്ട്രീയപാര്‍ട്ടികളുടെ യോഗം ചേര്‍ന്ന് ജൂണ്‍ നാലിനും ശേഷവും അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകില്ല എന്ന് ഉറപ്പുവരുത്തും. വിജയാഹ്ലാദങ്ങളിലും പ്രകടനങ്ങളിലും മുതിര്‍ന്ന, അണികള്‍ക്കുമേല്‍ നിയന്ത്രണമുള്ള പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യം നിര്‍ബന്ധമായി ഉണ്ടായിരിക്കണമെന്നും യോഗം തീരുമാനിച്ചു.

ഇതേ വിഷയത്തില്‍ മുന്‍പ് ജില്ലാ കളക്ടര്‍ തലത്തിലും ഡിഐജി തലത്തിലും രാഷ്ട്രീയപാര്‍ട്ടി നേതാക്കളുമായി ചര്‍ച്ചകള്‍ നടന്നിരുന്നു. അതനുസരിച്ച് വടകര ലോക്‌സഭ മണ്ഡലം പരിധിയില്‍ വിജയാഹ്ലാദ പ്രകടനങ്ങള്‍ രാത്രി ഏഴിന് ശേഷം ഉണ്ടാവില്ല എന്ന് തീരുമാനിച്ചിരുന്നു. പ്രകടനങ്ങളില്‍ പ്രകോപനപരമായ മുദ്രാവാക്യം,നേതാക്കളുടെ വീടിനു മുന്നിലോ പാര്‍ട്ടി ഓഫീസിന് മുന്നിലോ ഉള്ള പ്രകോപനപരമായ മുദ്രാവാക്യം വിളികള്‍, വലിയ വാഹനങ്ങളുടെ മുകളില്‍ വെച്ചുള്ള ആഹ്ലാദാരവം തുടങ്ങിയവ ഒഴിവാക്കാന്‍ എല്ലാ പാര്‍ട്ടികളും നേരത്തെ തീരുമാനിച്ചിരുന്നു.

സമാധാനം ഉറപ്പുവരുത്താനുള്ള ജില്ലാ ഭരണകൂടത്തിന്റെ തീരുമാനങ്ങള്‍ക്ക് എല്ലാ പാര്‍ട്ടികളും മുഴുവന്‍ പിന്തുണയും വാഗ്ദാനം ചെയ്തു. നേരത്തെയുള്ള ചര്‍ച്ചകളുടെ തുടര്‍ച്ചയായി പാര്‍ട്ടികളുടെ ജില്ലാ തലം മുതല്‍ താഴെത്തട്ട് വരെ യോഗം ചേര്‍ന്നു പ്രകോപനമുണ്ടാക്കുന്ന യാതൊന്നും പാടില്ല എന്ന സന്ദേശം പ്രവര്‍ത്തകരില്‍ എത്തിച്ചു നല്‍കിയതായി നേതാക്കള്‍ യോഗത്തില്‍ അറിയിച്ചു.

ഫലപ്രഖ്യാപനത്തിന് ശേഷം അസ്വാരസ്യങ്ങള്‍ ഉണ്ടാകില്ല എന്ന് ഉറപ്പുവരുത്താന്‍ പോലീസ് എല്ലാ ഒരുക്കങ്ങളും ചെയ്തതായി വടകര റൂറല്‍ എസ്പി ഡോ. അരവിന്ദ് സുകുമാര്‍ അറിയിച്ചു. പോലീസിന്റെ 80 ശതമാനം മനുഷ്യവിഭവശേഷിയും വോട്ടെണ്ണലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നുണ്ട്.

യോഗത്തില്‍ ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന് പുറമെ, എ ഡി എം അജീഷ് കെ, കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ രാജ്പാല്‍ മീണ, അസിസ്റ്റന്റ് കലക്ടര്‍ ആയുഷ് ഗോയല്‍, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ഡോ. ശീതള്‍ ജി മോഹന്‍ എന്നിവര്‍ പങ്കെടുത്തു.

രാഷ്ട്രീയപാര്‍ട്ടികളെ പ്രതിനിധീകരിച്ച് പി മോഹനന്‍, കെ കെ മുഹമ്മദ് (സി പി ഐ എം), കെ പ്രവീണ്‍കുമാര്‍, പി എം അബ്ദുറഹ്‌മാന്‍ (കോണ്‍ഗ്രസ്), കെ എ ഖാദര്‍ (മുസ്ലിം ലീഗ്), പി ഗവാസ് (സി പി ഐ), ഇ പ്രശാന്ത് കുമാര്‍ (ബി ജെ പി), കെ കെ അബ്ദുള്ള (ജെ ഡി എസ്) എന്നിവര്‍ സംബന്ധിച്ചു.