തിങ്ങിനിറഞ്ഞ് ടൗണ്‍ഹാള്‍, ‘കനലോര്‍മ്മകളില്‍’ അവര്‍; സമരാനുഭവങ്ങളുമായി എന്‍.ജി.ഒ. യൂണിയന്‍ മുന്‍കാല നേതൃസംഗമം സംഘടിപ്പിച്ചു


കൊയിലാണ്ടി: കേരള എന്‍.ജി.ഒ മുന്‍കാല നേതൃസംഗമമം ‘കനലോര്‍മ്മകള്‍’ കൊയിലാണ്ടിയില്‍ വെച്ച് സംഘടിപ്പിച്ചു. ജൂണ്‍ 22,23,24 തീയതികളില്‍ കോഴിക്കോട് നടക്കുന്ന കേരള എന്‍.ജി.ഒ. യൂണിയന്‍ 61ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞകാലങ്ങളില്‍ സജീവമായിരുന്ന നൂറ് കണക്കിനാളുകള്‍ പങ്കെടുത്തു.

മുന്‍കാല നേതാക്കള്‍ പങ്കു വെച്ച ത്യാഗപൂര്‍ണമായ സംഘടനാ പ്രവര്‍ത്തനങ്ങളും സമരാനുനുഭവങ്ങളും പുതിയ തലമുറക്ക് ഏറെ ആവേശം പകരുന്നതായി. കൊയിലാണ്ടി ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച പരിപാടി കാനത്തില്‍ ജമീല എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ടില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായിരുന്ന ഇ. പ്രേംകുമാര്‍ ,സി. കുഞ്ഞമ്മദ്, വി.കെ വിജയന്‍, ടി.പി മാധവന്‍, സുജാത കൂടത്തിങ്കല്‍, സംസ്ഥാന സെക്രട്ടറി ആര്‍. സാജന്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി.പി സന്തോഷ് സ്വാഗതവും കണ്‍വീനര്‍ ഹംസ കണ്ണാട്ടില്‍ നന്ദിയും പറഞ്ഞു.