“മുറിയില്‍ കറങ്ങുന്ന ഫാന്‍ ഉടന്‍ ഓഫാകും”- നിമിഷങ്ങള്‍ക്കുള്ളില്‍ ഫാന്‍ ഓഫ്, ‘വാട്ട്സ് ആപ്പ് മെസേജിനനുസരിച്ച് വീട്ടില്‍ കാര്യങ്ങള്‍ സംഭവിക്കുന്നു’; വിചിത്ര പരാതിയുമായി കൊല്ലത്ത് ഒരു കുടുംബം


കൊല്ലം: കൊല്ലം ജില്ലയില്‍ അതി വിചിത്രമായ പരാതിയുമായി ഒരു കുടുംബം. കൊല്ലം കൊട്ടാരക്കര നെല്ലിക്കുന്നത്ത് കുടുംബമാണ് വാട്സാപ്പില്‍ മെസ്സേജ് വരുന്നതനുസരിച്ച് വീട്ടില്‍ കാര്യങ്ങള്‍ സംഭവിക്കുന്നു എന്ന പരാതിയുമായി സൈബര്‍ സെല്ലിനെയും പൊലീസിനെയും സമീപിച്ചിരിക്കുന്നത്.

തികച്ചും അവിശ്വസനീയമായ കാര്യങ്ങളാണ് കഴിഞ്ഞ ഏഴ് മാസത്തോളമായി വീട്ടില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നാണ് കുടുംബം പറയുന്നത്. ആദ്യം സ്വിച്ച് ബോര്‍ഡുകളും പിന്നാലെ വൈദ്യുതി ഉപകരണങ്ങളും കത്തി നശിച്ചുതുടങ്ങി.

കൊട്ടാരക്കര നെല്ലിക്കുന്നം കാക്കത്താനത്തെ രാജന്‍ ഇലക്ട്രീഷ്യന്‍ ആണ്. എന്നിട്ടും സ്വന്തം വീട്ടില്‍ നിരന്തരമായി സ്വിച്ച് ബോര്‍ഡുകളും വൈദ്യുത ഉപകരണങ്ങളും കത്തിപ്പോകുന്നത് എന്തുകൊണ്ട് എന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ ഈ വീട്ടിലെ വൈദ്യുത ബോര്‍ഡുകള്‍ എല്ലാം ഇളക്കിയിട്ടിരിക്കുകയാണ്.

അമ്മ വിലാസിനിയുടെ ഫോണില്‍ നിന്ന് സജിതയ്ക്ക് ഓരോ ദിവസവും വാട്സാപ്പ് സന്ദേശങ്ങള്‍ വരാന്‍ തുടങ്ങി. ഇതിനനുസരിച്ച് വീട്ടില്‍ ഓരോ കാര്യങ്ങള്‍ സംഭവിക്കുകയാണ്. സജിതയ്ക്ക് വാട്സാപ്പില്‍ നിന്ന് മുറിയിലെ ഫാന്‍ ഇപ്പോള്‍ ഓഫ് ആകും എന്ന് മെസ്സേജ് വന്നതിനു തൊട്ടുപിന്നാലെ അങ്ങനെ തന്നെ സംഭവിച്ചു. ടാങ്ക് നിറഞ്ഞ് വെള്ളം പോകുമെന്ന് മെസ്സേജ് വന്നതിനു തൊട്ടു പിന്നാലെ അങ്ങനെ തന്നെയുണ്ടായി. ഫോണ്‍ മാറ്റി നോക്കിയിട്ടും ഒന്നും മാറ്റം സംഭവിക്കുന്നില്ലെന്നും കുടുംബം പറയുന്നു.

ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതാണ് എന്നാണ് സൈബര്‍ സെല്‍ പറയുന്നത്. എന്നാല്‍ മറ്റു കാര്യങ്ങളൊക്കെ എങ്ങനെ സംഭവിക്കുന്നു എന്ന് ഇതുവരെയും വ്യക്തതയില്ല.

summary: a family in kollam has a very strange complaint that things are happening at home as Whats app message arrive