വഴിതെറ്റി മലപ്പുറത്തെത്തിയ പേരാമ്പ്ര സ്വദേശിനിയായ ഭിന്നശേഷിക്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; മൂന്ന് പേര്‍ കസ്റ്റഡിയില്‍


പേരാമ്പ്ര: വഴിതെറ്റി മലപ്പുറത്തെത്തിയ പേരാമ്പ്ര സ്വദേശിനിയായ ഭിന്നശേഷിക്കാരിയായ 19കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ മൂന്ന് പരപ്പനങ്ങാടി സ്വദേശികള്‍ അറസ്റ്റില്‍. കൈകാലുകള്‍ക്ക് സ്വാധീനം കുറഞ്ഞ പെണ്‍കുട്ടിയാണ് ക്രൂര പീഡനത്തിനിരയായത്.

ആറ് ദിവസം മുമ്പ് വീട്ടില്‍ നിന്ന് പോയ യുവതിയെ കുറിച്ച് വിവരമില്ലാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പേരാമ്പ്ര പേലീസില്‍ പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ത്ഥിനിയെ കാസര്‍ഗോഡ് വച്ച് കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ നല്‍കിയ മൊഴിയിലാണ് പീഡന വിവരം പുറത്ത് അറിയുന്നത്.

കോഴിക്കോട് തന്നെയുള്ള ബന്ധുവീട്ടിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടി വഴിതെറ്റി പരപ്പനങ്ങാടിയില്‍ എത്തുകയായിരുന്നു. കോഴിക്കോടേക്ക് തിരിച്ചെത്തുന്നതിനായി പരപ്പനങ്ങാടി റയില്‍വേ സ്റ്റേഷനിലെത്തിയ പെണ്‍കുട്ടിയെ സഹായിക്കാമെന്ന് പറഞ്ഞ് രണ്ട് പേര്‍ വിശ്വസിപ്പിക്കുകയും ശേഷം ഒരു കെട്ടിടത്തിലെത്തിച്ച പെണ്‍കുട്ടിയെ ഇവര്‍ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് പെണ്‍കുട്ടിയെ മറ്റൊരു ഓട്ടോ ഡ്രൈവര്‍ക്കൊപ്പം അയക്കുകയായിരുന്നു. ഇയാള്‍ കോഴിക്കോട്ടേക്ക് എത്തിക്കുന്നതിനിടെ കുറ്റിക്കാട്ടില്‍ വച്ചും പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി. തുടര്‍ന്ന് പരിക്കേറ്റ നിലയില്‍ പെണ്‍കുട്ടി പരപ്പനങ്ങാടിയില്‍ നിന്നും കാസര്‍ഗോഡേയ്ക്ക് എത്തുകയായിരുന്നു.

അവിടെ ഒരു സ്ത്രീയുടെ കൈവശം എത്തിച്ചേര്‍ന്ന യുവതിയെ കാസര്‍ഗോഡ് പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും പേരാമ്പ്ര പോലീസിന് കൈമാറുകയുമായിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പേരാമ്പ്ര പോലീസ് ഇന്‍സ്പക്ടര്‍ ബിനു തോമസിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പരപ്പനങ്ങാടി സ്വദേശികളായ ബാര്‍ബര്‍ തൊഴിലാളി പുത്തരിക്കല്‍ തയ്യില്‍ വീട്ടില്‍ മുനീര്‍ (40), ഓട്ടോ ഡ്രൈവര്‍മാരായ നെടുവ അലീക്കനകത്ത് സഹീര്‍ (31), നെടുവ പള്ളിക്കല്‍ പ്രജീഷ് (41) എന്നിവരാണ് പേരാമ്പ്ര പോലീസ് കസ്റ്റഡിയില്‍ ഉള്ളത്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.