ശ്വസനേന്ദ്രിയ പ്രശ്നങ്ങൾ മുതൽ ഹൃദയാഘാതം വരെ; കോവാക്സിൻ എടുത്തവർക്കും പാർശ്വഫലങ്ങളെന്ന് പഠനം
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്സിനായ ഭാരത് ബയോടെക്കിന്റെ കോവാക്സിൻ എടുത്തവർക്കും പാർശ്വഫലങ്ങളെന്ന് പഠന റിപ്പോർട്ട്. കോവാക്സിനെടുത്ത മൂന്നിലൊരാൾക്കും പാർശ്വഫലങ്ങളുണ്ടായിട്ടുണ്ടെന്നാണ് പഠനത്തിൽ പറയുന്നത്. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിനിലാണ് ഇക്കാര്യം ഉള്ളത്. ജർമനി ആസ്ഥാനമായുള്ള സ്പ്രിംഗർഇങ്ക് എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കോവാക്സിന് എടുത്ത 926 പേരെയാണ് പഠനത്തിന് വിധേയമാക്കിയത്. ഇവരെ ഒരുവർഷത്തോളം നിരീക്ഷിച്ച് ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തയിത്. ഇവരിൽ അന്‍പത് ശതമാനം പേര്‍ക്കും വിവിധ തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടായതായി കണ്ടെത്തി. പലർക്കും അണുബാധ ഉണ്ടായിട്ടുണ്ടെന്നും പ്രത്യേകിച്ച് ശ്വസനേന്ദ്രിയത്തെ ബാധിക്കുന്ന അണുബാധയാണ് ഉണ്ടായതെന്നും കണ്ടെത്തി. ശ്വാസകോശാണുബാധ, ഹൃദയാഘാതം, ഞരമ്പിനെ ബാധിക്കുന്ന രോഗങ്ങൾ, ചർമരോഗങ്ങൾ തുടങ്ങിയവ റിപ്പോർട്ട് ചെയ്തുവെന്നും പഠനത്തിലുണ്ട്.
വാക്സിന് എടുത്ത നാലുപേര്‍ മരിച്ചതായും പഠനത്തില്‍ പറയുന്നു. ഒരാളുടെ മരണം ഹൃദയാഘാതമൂലമാണെന്നും മറ്റുളളവരുടെ മരണം മറ്റ് പാര്‍ശ്വഫലങ്ങള്‍ മൂലമാണെന്നും പഠനത്തില്‍ പറയുന്നു.
ആർത്തവ സംബന്ധമായ തകരാറുകൾ, ഹൈപോതൈറോയ്ഡിസം, പക്ഷാഘാതം, ഗീലന്‍ ബാര്‍ സിന്‍ഡ്രോം തുടങ്ങിയവയും വാക്സിനു പിന്നാലെ റിപ്പോർട്ട് ചെയ്തതായി പഠനത്തിൽ പറയുന്നു. അനുബന്ധ രോഗങ്ങൾ ഉണ്ടായിരുന്നവരിലാണ് പാർശ്വഫലങ്ങൾ കൂടുതൽ കണ്ടതെന്നും വിഷയത്തിൽ കൂടുതൽ ആഴത്തിലുള്ള പഠനങ്ങൾ നടത്തേണ്ടത് അനിവാര്യമാണെന്നും പറയുന്നുണ്ട്.
കോവിഷീൽഡ് വാക്സിന്റെ പാർശ്വഫലങ്ങളേക്കുറിച്ച് നിർമാതാക്കളായ ആസ്ട്രസെനക്ക തുറന്നുപറയുകയും ആഗോളതലത്തിൽനിന്ന് അത് പിൻവലിക്കുകയും ചെയ്തതിനു പിന്നാലെയാണ് ഈ പഠനം പുറത്തുവന്നിരിക്കുന്നത്.