”ആറേഴ് മാസമായി കടലില്‍ വള്ളമിറക്കിയിട്ട്, 75ഓളം വള്ളങ്ങളാണ് വെറുതെയിട്ടേക്കുന്നത്, മുമ്പൊന്നുമനുഭവിച്ചിട്ടില്ലാത്തത്ര ദുരിതത്തിലാണ്, ”; കൊടുംചൂട് കാരണമുണ്ടായ ദുരിതത്തെക്കുറിച്ച് കൊയിലാണ്ടിയിലെ മത്സ്യത്തൊഴിലാളികള്‍


കൊയിലാണ്ടി: വേനല്‍ച്ചൂട് കനത്തതോടെ പണിയേതുമില്ലാതെ വറുതിയിലായിരിക്കുകയാണ് കൊയിലാണ്ടിയിലെ നൂറുകണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍. വേനല്‍ച്ചൂടിനൊപ്പം കള്ളക്കടല്‍ പ്രതിഭാസമെന്ന മുന്നറിയിപ്പുകൂടിയായതോടെ പണിക്കുപോയിരുന്ന ചുരുക്കം ചില ആളുകള്‍ക്ക് കൂടി കടലില്‍ പോകാന്‍ സാധിക്കാത്ത അവസ്ഥയാണ്.

മാസങ്ങളായി കടലില്‍ വള്ളമിറക്കാത്തതിനാല്‍ ഇപ്പോള്‍ ദുരന്തനിവാരണ അതോറിറ്റി നല്‍കിയിരിക്കുന്ന കള്ളക്കടല്‍ മുന്നറിയിപ്പൊന്നും തങ്ങളെ ഒട്ടും ബാധിക്കാന്‍ പോകുന്നില്ലെന്നാണ് കൊയിലാണ്ടിയിലെ മത്സ്യത്തൊഴിലാളിയായ പ്രജോഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്. നവംബര്‍ 15 മുതല്‍ പണിയില്ലാത്ത അവസ്ഥയാണ്. കൊയിലാണ്ടി ഹാര്‍ബറില്‍ 75 വലിയ വള്ളങ്ങള്‍ കടലില്‍ പോകാറുണ്ടായിരുന്നു. ശക്തമായ ചൂട് കാരണം മീനില്ലാതായതോടെ ഈ വള്ളങ്ങളെല്ലാം തീരത്ത് സുരക്ഷിതമായി കെട്ടിയിട്ടിട്ട് കാലങ്ങളായെന്നും പ്രജോഷ് പറയുന്നു.

രണ്ടുപേര്‍ക്ക് പണിയെടുക്കാവുന്ന ചെറുവള്ളക്കാരും 25ഓളം ചെറു ബോട്ടുകളുമാണ് ആകെ ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധത്തിനായി പോകുന്നത്. ചൂട്് കാരണം കടലിന്റെ അടിത്തട്ടിലേക്ക് പോകുന്ന മാന്ത, ചെമ്മീന്‍ തുടങ്ങിയ മത്സ്യങ്ങളെ പിടിച്ചാണ് ഇവര്‍ ജീവിക്കുന്നത്. ഈ ബോട്ടുകളില്‍ മിക്കതിലും ഇതരസംസ്ഥാന തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ബഹുഭൂരിപക്ഷം വരുന്ന മറ്റ് വള്ളത്തൊഴിലാളികള്‍ പണിയില്ലാതെ കഴിയുകയാണെന്നും പ്രജോഷ് പറഞ്ഞു.

പതിനായിരത്തോളം പേരാണ് കൊയിലാണ്ടി ഹാര്‍ബര്‍ കേന്ദ്രീകരിച്ച് മത്സ്യബന്ധനവും അനുബന്ധ തൊഴിലുകളുമെടുത്ത് ജീവിച്ചിരുന്നത്. ഇതില്‍ 75%ത്തിലേറെ പേര്‍ക്ക് പണിയില്ലാത്ത സ്ഥിതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതാദ്യമായാണ് ഇത്തരമൊരു ദുരിതകാലം മത്സ്യത്തൊഴിലാളികള്‍ നേരിടേണ്ടിവരുന്നത്. ചൂട് കാരണം മീനുകള്‍ ആഴക്കടലിലേക്ക് ചേക്കേറിയിരിക്കുകയാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പഴകിയ മീനുകളാണ് വിപണിയില്‍ ഏറെയും. അതുതന്നെ പൊള്ളുന്ന വിലയുമാണ്.

സര്‍ക്കാറിന്റെ ഭാഗത്തുനിന്നും എന്തെങ്കിലും സഹായമുണ്ടായില്ലെങ്കില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നാണ് കൊയിലാണ്ടിയിലെ തൊഴിലാളികള്‍ പറയുന്നത്. മെയ് മാസം കൂടി കഴിഞ്ഞാല്‍ കാലവര്‍ഷം ആരംഭിക്കും. പിന്നെ കടലില്‍ പോകാനാവാതെ വരും. ഒപ്പം ട്രോളിങ് നിരോധനവും കൂടിയാകുമ്പോള്‍ ഈ വറുതി മൂന്ന് നാല് മാസം കൂടി തുടരും. വര്‍ഷത്തില്‍ മൂന്നോ നാലോ മാസം പണിയെടുത്ത് കിട്ടുന്ന വരുമാനംകൊണ്ട് ബാക്കിയുള്ള കാലം മുഴുവനും ജീവിക്കുകയെന്നത് അന്നന്ന് കിട്ടുന്നതുകൊണ്ട് രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടന്ന തൊഴിലാളികള്‍ക്ക് സാധ്യമാകുമോയെന്നാണ് അവര്‍ ചോദിക്കുന്നത്.