ഗേള്‍സ് സ്‌കൂളിന്റെ അവശേഷിപ്പായിരുന്ന ആ 325 പേരും പടിയിറങ്ങി; പൂര്‍ണ അര്‍ത്ഥത്തില്‍ മിക്‌സഡ് സ്‌കൂളായി പന്തലായനി ഗവ. ഹയര്‍ സെക്കണ്ടറി


കൊയിലാണ്ടി: അവസാന പരീക്ഷയും കഴിഞ്ഞ് പത്താം ക്ലാസിലെ വിദ്യാര്‍ഥിനികള്‍ ഇന്നലെ പന്തലായനി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിനോട് വിടപറഞ്ഞപ്പോള്‍ സ്‌കൂളിന്റെ ചരിത്രത്തിലെ സുപ്രധാന നിമിഷങ്ങളിലൊന്നായിരുന്നു അത്. 1961ല്‍ രൂപീകൃതമായശേഷം ആറുപതിറ്റാണ്ടോളം നീണ്ട കൊയിലാണ്ടി ഗേള്‍സ് സ്‌കൂള്‍ എന്ന വിളിപ്പേരിന്റെ അവസാന അവശേഷിപ്പുകളാണ് കഴിഞ്ഞദിവസം പടിയിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍.

10 ഡിവിഷനുകളിലായി 325 പെണ്‍കുട്ടികളാണ് അവസാന ഗേള്‍സ് ബാച്ചിലുണ്ടായിരുന്നത്. ഔപചാരികമായ യാത്രയയപ്പ് പരിപാടികള്‍ പരീക്ഷയ്ക്കു മുമ്പ് തന്നെ കഴിഞ്ഞിരുന്നു. പരീക്ഷ പൂര്‍ത്തിയായി സ്‌കൂളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ ഇറങ്ങിപ്പോക്ക് ഏറെ വൈകാരികമായിരുന്നു. ഒരുമിച്ചിരുന്ന് പഠിച്ച ക്ലാസ് മുറികളും ചുവരിലും ബെഞ്ചിലുമൊക്കെ കുറിച്ചിട്ട ഓര്‍മ്മകളുമൊക്കെ അവസാനമായൊന്ന് പൊടിതട്ടി നോക്കി, കണ്ണുകള്‍ കൊണ്ട് സ്‌കൂളിനോട് യാത്ര പറഞ്ഞ് അവര്‍ മടങ്ങി. ഇനി ഇത് പൂര്‍ണ അര്‍ത്ഥത്തില്‍ മിക്‌സഡ് സ്‌കൂളാണ്.

2022 മാര്‍ച്ചിലാണ് കൊയിലാണ്ടി ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പെണ്‍കുട്ടികള്‍ക്ക് പ്രത്യേകമായുള്ള സ്‌കൂള്‍ എന്നത് മാറി ആണ്‍കുട്ടികള്‍ക്കും കൂടി പ്രവേശനം അനുവദിച്ചുകൊണ്ട് ഉത്തരവ് പുറത്തിറങ്ങിയത്. ഇതോടെ സ്‌കൂളിന്റെ പേര് പന്തലായനി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നാക്കുകയും ചെയ്തിരുന്നു. 2022 ജൂണില്‍ തുടങ്ങിയ അധ്യയന വര്‍ഷം മുതല്‍ ആണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കുകയും ചെയ്തു.

പെണ്‍കുട്ടികള്‍ക്ക് സാര്‍വ്വത്രിക വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന ഒരു കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു പെണ്‍പള്ളിക്കൂടം. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പട്ടംതാണുപിള്ളയുടെ ഉത്തരവ് പ്രകാരം 1961 ആഗസ്റ്റ് ഒന്നിനാണ് പന്തലായനി എല്‍.പി സ്‌കൂള്‍ കൊയിലാണ്ടി ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍ ആയി പെണ്‍കുട്ടികള്‍ക്ക് മാത്രം പ്രവേശനം നല്‍കുന്ന ഒന്നായി രൂപംകൊണ്ടത്. 1961ല്‍ തന്നെ ഒമ്പത്, പത്ത് ക്ലാസുകള്‍ ആരംഭിച്ചു. തൊട്ടടുത്ത അധ്യയന വര്‍ഷം മുതല്‍ എട്ടാം ക്ലാസും തുടങ്ങി. ആദ്യവര്‍ഷം 30 പേര്‍ എസ്.എസ്.എല്‍.സി ബാച്ചിലുണ്ടായിരുന്ന സ്‌കൂളില്‍ പിന്നീട് വര്‍ഷാവര്‍ഷം വിദ്യാര്‍ഥികള്‍ കൂടിക്കൂടി വന്നു.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ നിലനിന്നിരുന്ന 1960കളുടെ ആവശ്യമായിരുന്നു ഇത്തരമൊരു സ്‌കൂള്‍. എന്നാല്‍ ഇന്ന് കാലംമാറി. അതോടെ പെണ്‍കുട്ടികള്‍ക്ക് പ്രത്യേകമായി സ്‌കൂള്‍ എന്ന ആശയവും കാലഹരണപ്പെട്ടു. ഈ വിഷയങ്ങളടക്കം ചൂണ്ടിക്കാട്ടി ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ വിദ്യാര്‍ഥികള്‍ ഒരുമിച്ച് പഠിക്കുന്ന ഇടമായി ഈ സ്‌കൂളിനെ മാറ്റണമെന്ന ആവശ്യം പൊതുരംഗത്തുനിന്നും രക്ഷിതാക്കള്‍ക്കിടയില്‍ നിന്നുമൊക്കെ ശക്തമായതോടെയാണ് അതിന് വഴിയൊരുങ്ങിയതും 2022 മുതല്‍ ആണ്‍കുട്ടികള്‍ക്ക് കൂടി പ്രവേശനം അനുവദിച്ചതും.