ബാങ്കുകള്‍ക്ക് ഇനി എല്ലാ ശനിയാഴ്ചകളിലും അവധി വരുന്നു


ന്യൂഡല്‍ഹി: ബാങ്കുകള്‍ക്ക് എല്ലാ ശനിയാഴ്ചയും അവധി നല്‍കാന്‍ ശുപാര്‍ശ. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും അംഗീകാരം ലഭിച്ചാല്‍ മാത്രമേ അവധി പ്രാബല്യത്തില്‍ വരികയുള്ളൂ.

ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനും ജീവനക്കാരുടെ സംഘടനകളുമായി ബാങ്ക് ജീവനക്കാരുടെ 17 ശതമാനം ശമ്പളം കൂട്ടാന്‍ ഒപ്പിട്ട ഉഭയകക്ഷി കരാറിലാണ് ഇക്കാര്യം പറയുന്നത്. അവധി നല്‍കാന്‍ ധാരണയായെങ്കിലും തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് ഇത് സംബന്ധിച്ച് വിജ്ഞാപനം ഇറക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

നിലവില്‍ ഒരു മാസത്തിലെ ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകള്‍ ബാങ്കുകള്‍ക്ക് പ്രവൃത്തിദിനമാണ്. റിസര്‍വ് ബാങ്ക്, കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍, എല്‍ഐസി തുടങ്ങിയ സ്ഥാപനങ്ങള്‍ പോലെ ബാങ്കുകള്‍ക്കും എല്ലാ ശനിയാഴ്ചയും അവധി വേണമെന്ന് കാര്യം ജീവനക്കാര്‍ ഏറെനാളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. അത്തരത്തില്‍ എല്ലാ ശനിയാഴ്ചകളിലും അവധി നടപ്പിലാക്കിയാല്‍ മറ്റ് ദിവസങ്ങളിലെ പ്രവൃത്തി സമയം 45മിനുട്ട് വര്‍ധിപ്പിക്കാനാണ് പരിഗണനയിലുള്ളത്.