ജീവനക്കാരില്‍ 12 പേര്‍ക്ക് ഇന്ന് അവധി, കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഇ.സി.ജി വിഭാഗം പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത സ്ഥിതി; 28ദിവസത്തിനുശേഷം താല്‍ക്കാലിക ജീവനക്കാര്‍ക്ക് നിര്‍ബന്ധിത ബ്രേക്ക് നല്‍കുന്നത് ആശുപത്രി പ്രവര്‍ത്തനം താളംതെറ്റിക്കുമെന്ന് തൊഴിലാളികള്‍


കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാര്‍ക്ക് 28 ദിവസത്തെ ജോലിയ്ക്കുശേഷം ഒരുദിവസത്തെ ബ്രേക്ക് നിര്‍ബന്ധമാക്കിയത് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ താളംതെറ്റിക്കുന്ന തരത്തിലെന്ന് തൊഴിലാളികളുടെ പരാതി. മൂന്നും നാലും മാത്രം ജീവനക്കാര്‍ ജോലി ചെയ്യുന്ന ഡിപ്പാര്‍ട്ടുമെന്റുകളില്‍ രണ്ടും മൂന്നുപേര്‍ക്ക് ഒരേദിവസം അവധി നല്‍കുന്ന ആ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രവര്‍ത്തനത്തെ തന്നെ താളം തെറ്റിക്കുന്ന തരത്തിലാണെന്നാണ് ആക്ഷേപം.

12 താല്‍ക്കാലിക ജീവനക്കാര്‍ക്കാണ് ഇന്ന് അവധി നല്‍കിയിരിക്കുന്നത്. വനിതാ സെക്യൂരിറ്റികളില്‍ മൂന്നും, ഡാറ്റ എന്‍ട്രി വിഭാഗത്തിലെ മൂന്നും ഇ.സി.ജി വിഭാഗത്തിലെ രണ്ടും ആളുകള്‍ക്കാണ് ഇത്തരത്തില്‍ അവധി നല്‍കിയിരിക്കുന്നത്. അടിയന്തര സാഹചര്യങ്ങളില്‍ പലപ്പോഴും രോഗികള്‍ക്ക് അവശ്യം വേണ്ടിവരുന്ന സേവനമായ ഇ.സി.ജി വിഭാഗത്തില്‍ രണ്ടുപേരും അവധിയില്‍ പോയാല്‍ ആ വിഭാഗം പ്രവര്‍ത്തിക്കാത്ത സ്ഥിതിയിലാവും. ഇവിടെ ഒരു സ്ഥിരജീവനക്കാര്‍ ഉള്‍പ്പെടെ നാലുപേരാണുള്ളത്. സ്ഥിരജീവനക്കാര്‍ അവധിയിലാണ്. ഈ സാഹചര്യത്തില്‍ ബ്രേക്ക് നിലനില്‍ക്കെ തന്നെ ഡ്യൂട്ടിയെടുക്കേണ്ടിവരുന്ന സ്ഥിതിയിലാണ് തങ്ങളെന്ന് ജീവനക്കാര്‍ പറയുന്നത്. ഇന്നലെയും 14 ജീവനക്കാര്‍ക്ക് ഇന്നലെ അവധി നല്‍കിയിരുന്നു.

2010ലെ എല്‍.എസ്.ജി.ഡി ഉത്തരവ് പ്രകാരമാണ് തങ്ങളെ എച്ച്.എം.സി ജോലിയ്‌ക്കെടുത്തത്. കഴിഞ്ഞ എട്ടുവര്‍ഷമായി ആ രീതിയിലാണ് എല്ലാവരും ജോലി ചെയ്യുന്നത്. ദിവസവേതനയ്ക്കാരായല്ല എന്നും തൊഴിലാളികള്‍ വ്യക്തമാക്കി.

എച്ച്.എം.സി തീരുമാനപ്രകാരം നിയമാനുസൃതമായാണ് ബ്രേക്ക് നല്‍കിയതെന്നാണ് ആശുപത്രി അധികൃതരും കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ടും കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്. കരാര്‍ ജീവനക്കാര്‍ക്ക് 179 ദിവസത്തിനുശേഷം ഒരു ബ്രേക്ക് എന്നതും താല്‍ക്കാലിക ജീവനക്കാര്‍ക്ക് 28 ദിവസത്തിനുശേഷം ഒരു ബ്രേക്ക് എന്നതുമാണ് തീരുമാനം. ഇതുപ്രകാരം ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത തരത്തില്‍ മുന്നോട്ടുപോകുമെന്നും അധികൃതര്‍ പറയുന്നു.