മെഡിക്കല്‍ ക്യാമ്പ്, ജില്ലാതല ചിത്രരചനാ മത്സരം, വിനോദ മത്സരങ്ങള്‍; വിയ്യൂര്‍ വായനശാലയുടെ അറുപത്തിയാറാം വാര്‍ഷികം വിപുലമായ പരിപാടികളോടെ


വിയ്യൂര്‍: വിയ്യൂര്‍ വായനശാലയുടെ അറുപത്തി ആറാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മെഡിക്കല്‍ ക്യാമ്പ്, ജില്ലാതല ചിത്രരചന മത്സരം, വിനോദ കായിക മത്സരങ്ങള്‍, കരോക്കെ ഗാനാലാപന മത്സരം തുടങ്ങി വിവിധ പരിപാടികള്‍ അവതരിപ്പിച്ചു.

സമാപന സമ്മേളനം കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. മോഹനന്‍ നടുവത്തൂര്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.വി.രാജന്‍ മുഖ്യാതിഥിയായി. വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനം കൗണ്‍സിലര്‍മാരായ ലിന്‍സി മരക്കാട്ട് പുറത്ത്, വി.രമേശന്‍ മാസ്റ്റര്‍ എന്നിവര്‍ നല്കി.

ദേശീയ യുവജനോത്സവത്തില്‍ നാടന്‍പാട്ടില്‍ ഒന്നാം സ്ഥാനം നേടിയ ടീമിലെ അംഗങ്ങളായ സാന്ദ്രിമ മനോജ്, മേഘ്‌ന ആ സുനിത്ത് എന്നിവരെ ചടങ്ങില്‍ വെച്ച് ആദരിച്ചു. രാഗേഷ് മാസ്റ്റര്‍.കെ, നിധീഷ്.എ.കെ, പ്രസന്ന.ടി, രാജേഷ് കാട്ടില്‍, രജീഷ് പൂണിച്ചേരി, പി.പി.രാധാകൃഷ്ണന്‍ എന്നിവർ ആശംസകളര്‍പ്പിച്ചു. ചടങ്ങിന് വായനശാല സെക്രട്ടറി പി.കെ.ഷൈജു സ്വാഗതവും എ.രവീന്ദ്രന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വായനശാല പ്രവര്‍ത്തകര്‍ അവതരിപ്പിച്ച നൃത്തനൃത്യങ്ങള്‍, നാടകം എന്നിവയും അരങ്ങ് കൊയിലാണ്ടി അവതരിപ്പിച്ച നാടന്‍ പാട്ടുകളും ദൃശ്യാവിഷ്‌കാരവും നടന്നു.