വിശപ്പു സഹിക്കാനാവാഞ്ഞിട്ടാണെന്ന് പറഞ്ഞ് യുവാവ് കഴിച്ച ഭക്ഷണം കണ്ട് മലപ്പുറത്തുകാര്‍ ഞെട്ടി; തിന്നത് പൂച്ചയെ, അതും പച്ചയ്ക്ക്‌



മലപ്പുറം:
മലപ്പുറം കുറ്റിപ്പുറത്ത് പൂച്ചയെ പച്ചയ്ക്ക് ഭക്ഷിച്ച് യുവാവ്. കുറ്റിപ്പുറം ബസ്റ്റാന്റില്‍ ഇന്നലെ വൈകുന്നേരമായിരുന്നു അവിശ്വസനീയമായ സംഭവം നടന്നത്. പൂച്ചയെ ഭക്ഷിച്ചത് അസം സ്വദേശിയാണെന്നാണ് ലഭിക്കുന്ന വിവരം. വിശപ്പിനെ തുടര്‍ന്നാണ് യുവാവ് ഇത്തരമൊരു കൃത്യത്തിലേര്‍പ്പെട്ടത്.

യുവാവ് ബസ്റ്റാന്റിന് സമീപത്തിരുന്ന് അസാധാരണമായ എന്തോ കഴിക്കുന്നത് കണ്ട് ചോദ്യം ചെയ്തപ്പോഴാണ് പൂച്ചയെയാണ് ഭക്ഷണമാക്കുന്നതെന്ന്  നാട്ടുകാര്‍ക്ക് വ്യക്തമായത്. കഴിക്കുന്നത് നിര്‍ത്താന്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും രണ്ട് ദിവസമായി പട്ടിണിയാണെന്ന് പറഞ്ഞ യുവാവ് പൂച്ചയെ ഭക്ഷിക്കുന്നത് തുടരുകയായിരുന്നു.

പിന്നീട് വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുകയും യുവാവിന് ഭക്ഷണം വാങ്ങി നല്‍കുകയുമായിരുന്നു. പൊലീസ് നല്‍കിയ ഭക്ഷണം കഴിച്ച ശേഷം അയാള്‍ അവിടെ നിന്ന് പോയി. യുവാവിനെ ആശുപത്രിയിലേക്ക് മാറ്റാനുള്‍പ്പെടെയുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും അത് സാധിച്ചില്ലെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

കഴിഞ്ഞ ദിവസങ്ങളില്‍ ഈ പ്രദേശങ്ങളില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന നിലയില്‍ ഇയാളെ നാട്ടുകാര്‍ കണ്ടിരുന്നു. അസം സ്വദേശിയാണെന്ന വിവരം മാത്രമാണ് ലഭിച്ചത്. മറ്റു വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. വിശന്നിട്ടാണെങ്കില്‍ കാര്യം പറഞ്ഞാല്‍ ഹോട്ടലുകളില്‍ നിന്നുള്‍പ്പെടെ ഭക്ഷണം നല്‍കുമെന്നിരിക്കെ യുവാവ് ഇത്തരമൊരു പ്രവര്‍ത്തി ചെയ്തലിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍.