‘നിപ നേരിടാൻ കേരളം എല്ലാ രീതിയിലും സജ്ജം’; ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നും ജാഗ്രത തുടരണമെന്നും പിണറായി വിജയൻ


തിരുവനന്തപുരം: സംസ്ഥാനത്ത് നിപ വൈറസ് ഭീഷണി ഒഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യാപനം ഇല്ലാത്തത് ആശ്വാസകരമാണ്. നിപയെ നേരിടാന്‍ കേരളം എല്ലാ രീതിയിലും സജ്ജമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഴുവന്‍ ആരോഗ്യ സംവിധാനവും ജാഗ്രത തുടരുന്നു. കോഴിക്കോട്ടും കണ്ണൂര്‍ വയനാട് മലപ്പുറം ജില്ലകളിലും ശാസ്ത്രീയ മുന്‍കരുതലുകളെടുത്തിട്ടുണ്ടെന്നും മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി വിശദീകരിച്ചു.

1286 പേര്‍ നിപ സമ്പര്‍ക്ക പട്ടികയിലുണ്ട്. 276 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലാണ്. 122 പേര്‍ ബന്ധുക്കളാണ്. 118 ആരോഗ്യ പ്രവര്‍ത്തകരുണ്ട്. 994 നിരീക്ഷണത്തിലാണ്. 304 സാമ്പിളിള്‍ 256 പേരുടെ ഫലം വന്നു. 6 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 9 പേര്‍ ഐസൊലേഷനിലുണ്ട്.

സമ്പര്‍ക്ക പട്ടിക ഇനിയും കൂടിയേക്കും. ആരോഗ്യമന്ത്രി നേരിട്ടാണ് നിപ പ്രതിരോധത്തിന് നേതൃത്വം നല്‍കിയത്. എല്ലാവരും പങ്കാളികളായി. മരുന്ന് മുതല്‍ ആംബുലന്‍സ് അടക്കം എല്ലാം സജ്ജമാണ്. സമ്പര്‍ക്ക പട്ടിക ഇനിയും കൂടിയേക്കും. സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ടീം ഉണ്ടാക്കി. കുഞ്ഞുങ്ങള്‍ക്ക് പ്രത്യേക മാനസിക പിന്തുണ നല്‍കി. 1099 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കി. നിപ നിര്‍ണയത്തിന് ലാബ് സംസ്ഥാനത്ത് സജ്ജമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.