സ്വര്‍ണ്ണവര്‍ണ്ണത്തില്‍ കുളിച്ച് നന്തിയിലെ കടലൂര്‍ പോയിന്റ് ലൈറ്റ് ഹൗസ്; വിസ്മയക്കാഴ്ചയില്‍ മനം നിറഞ്ഞ് പ്രദേശവാസികള്‍, കാരണം ഇതാണ്
കൊയിലാണ്ടി: നമ്മുടെ നാടിന്റെ പ്രധാന അടയാളങ്ങളിലൊന്നായ കടലൂര്‍ പോയിന്റ് ലൈറ്റ് ഹൗസ് സ്വര്‍ണ്ണവര്‍ണ്ണമണിഞ്ഞു. മഞ്ഞ നിറത്തിലുള്ള അലങ്കാരബള്‍ബുകളാല്‍ പൊതിഞ്ഞ് ഏറെ സുന്ദരമായ ലൈറ്റ് ഹൗസ് പ്രദേശവാസികള്‍ക്കും വിസമയക്കാഴ്ചയായി. എന്നാല്‍ ലൈറ്റ് വര്‍ണ്ണപ്രഭയില്‍ കുളിച്ച് നില്‍ക്കുന്നതിന്റെ കാരണം മാത്രം ആര്‍ക്കും അറിയില്ലായിരുന്നു.
ലോക മറൈന്‍ നാവിഗേഷന്‍ സഹായതാ ദിനത്തോട് (വേള്‍ഡ് മറൈന്‍ എയിഡ്‌സ് ടു നാവിഗേഷന്‍ ഡേ) അനുബന്ധിച്ചാണ് കടലൂര്‍ പോയിന്റ് ലൈറ്റ് ഹൗസില്‍ ദീപാലങ്കാരം നടത്തിയത്. ജൂലൈ ഒന്നിനാണ് ലോകം മറൈന്‍ നാവിഗേഷന്‍ സഹായതാ ദിനമായി ആചരിക്കുന്നത്. ദിനാചരണത്തിന്റെ ഭാഗമായി കടലൂര്‍ പോയിന്റ് ലൈറ്റ് ഹൗസ് ഉള്‍പ്പെടെ കേരളത്തിലെ അഞ്ച് ലൈറ്റ് ഹൗസുകളാണ് ഇത്തരത്തില്‍ അലങ്കരിച്ചത്.
നേരത്തേ കടലൂര്‍ പോയിന്റ് ലൈറ്റ് ഹൗസിന്റെ 114-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഇത്തരത്തില്‍ ദീപാലങ്കാരം നടത്തിയത് എന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ലൈറ്റ് ഹൗസിന്റെ 114-ാം വാര്‍ഷികം ഈ വര്‍ഷം ഒക്ടോബറിലാണ് എത്തുന്നത്.
ലൈറ്റ് ഹൗസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ അലങ്കരിക്കുന്നത്. തന്റെ ജീവിതകാലത്ത് ആദ്യമായാണ് ഇത്തരത്തില്‍ മനോഹരമായി അലങ്കരിച്ച രീതിയില്‍ ലൈറ്റ് ഹൗസിനെ കാണുന്നത് എന്ന് പ്രദേശവാസിയായ റഷീദ് മണ്ടോളി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.