കീഴരിയൂര്‍ ആനപ്പാറ ക്വാറിയില്‍ ഇന്ന് നടന്നത് ‘സാമ്പിള്‍ വെടിക്കെട്ട്’; അനധികൃത പടക്കങ്ങള്‍ പൊട്ടിക്കുന്നത് നാളെയും തുടരും, ഇന്നത്തെ കൂടുതല്‍ ദൃശ്യങ്ങള്‍ കാണാം (വീഡിയോ)
കൊയിലാണ്ടി: അനധികൃതമായി ലോറിയില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെ കൊയിലാണ്ടി പൊലീസ് പിടിച്ചടുത്ത പടക്കങ്ങള്‍ പൊട്ടിച്ച് തീര്‍ക്കുന്ന ജോലി നാളെയും തുടരും. ഇന്ന് രാവിലെ മുതല്‍ വൈകീട്ട് വരെ പൊട്ടിച്ചിട്ടും തീരാത്ത പശ്ചാത്തലത്തിലാണ് നാളെയും പടക്കം പൊട്ടിക്കുന്നത് തുടരാന്‍ പൊലീസ് തീരുമാനിച്ചത്.
കൊയിലാണ്ടി, മാഹി, തലശ്ശേരി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ഓണ്‍ലൈനില്‍ ഓര്‍ഡറെടുത്താണ് പടക്കങ്ങള്‍ എത്തിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ കൊയിലാണ്ടി പോലീസ് നഗരത്തില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെ സംഘം പിടിയിലാവുകയായിരുന്നു.
കമ്പിത്തിരി, മത്താപ്പു, റാട്ട്, ഉള്‍പ്പെടെ വിവിധങ്ങളായ പടങ്ങങ്ങളാണ് കെട്ടുകളായി വാഹനത്തില്‍ കൊണ്ടുവന്നത്. കൊയിലാണ്ടി സ്റ്റേഷന്‍ എസ്.എച്ച്.ഒയുടെയും ബോംബ് സ്‌ക്വാഡിന്റയും നേതൃത്വത്തിലാണ് ക്വാറിയില്‍ എത്തിച്ച് പടക്കങ്ങള്‍ പൊട്ടിക്കുന്നത്. 156 പായ്ക്കറ്റ് പടക്കമാണ് ഇത്തരത്തില്‍ നശിപ്പിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച കൊയിലാണ്ടി എസ്.ഐ ശൈലേഷിന്റെ നേതൃത്വത്തിലുള്ള സംഘം നഗരത്തില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പടക്കം കണ്ടെടുത്തത്. ലോറി കസ്റ്റഡിയില്‍ എടുത്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. തുടര്‍ന്ന് പടക്കങ്ങള്‍ നശിപ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കുകയായിരുന്നു.
ആവശ്യമായ രേഖകള്‍ ഇല്ലാതെ തുറന്ന വാഹനത്തിലാണ് ഒരു ലോഡ് പടക്കം കടത്താന്‍ ശ്രമിച്ചത്. ശിവകാശിയിലുള്ള വിവിധ കമ്പനികളില്‍ നിന്നും വാങ്ങിച്ച പടക്കങ്ങളാണ് ലോറിയില്‍ ഉണ്ടായിരുന്നത്. ശിവകാശിയിലുള്ള പാര്‍സല്‍ കമ്പനിയായ ബാലാജി ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ ലോറിയാണ് പടക്കം കടത്താന്‍ ശ്രമിച്ചത്.
നാളെ രാവിലെ തന്നെ പടക്കങ്ങള്‍ പൊട്ടിക്കുന്ന ജോലി പുനരാരംഭിക്കുമെന്ന് കൊയിലാണ്ടി പൊലീസ് പറഞ്ഞു. അപകടകരമായ പടക്കങ്ങളായതിനാലാണ് ഇന്ന് രാത്രി പടക്കം പൊട്ടിക്കാന്‍ സാധിക്കാത്തത്. രാത്രി പടക്കം പൊട്ടിച്ച് തീര്‍ക്കാന്‍ ആവശ്യമായ വെളിച്ചം ഉള്‍പ്പെടെ ഉള്ള സംവിധാനങ്ങള്‍ ക്വാറിയില്‍ ലഭ്യമല്ലാത്തതിനാലാണ് നാളെ തുടരാന്‍ തീരുമാനിച്ചത്.