വിദ്യാര്‍ത്ഥികളും നാട്ടുകാരും ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ ദുരിതത്തില്‍; മുചുകുന്ന് റോഡിലെ ആനക്കുളം റെയില്‍വേ ഗെയിറ്റ് തുറക്കാന്‍ ഇനിയും ഒരാഴ്ച കാത്തിരിക്കണം
കൊയിലാണ്ടി: മുചുകുന്ന് റോഡില്‍ ആനക്കുളത്തുള്ള റെയില്‍വേ ഗെയിറ്റ് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചതോടെ ദുരിതത്തിലായി ജനങ്ങള്‍. തുടര്‍ച്ചയായി പത്ത് ദിവസത്തേക്ക് ഗെയിറ്റ് അടച്ചിടാന്‍ റെയില്‍വേ തീരുമാനിച്ചതാണ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാവുന്നത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് യാത്രക്കാരാണ് ഓരോ ദിവസവും ദുരിതമനുഭവിക്കുന്നത്.
ആഴ്ചകള്‍ക്ക് മുമ്പാണ് ആനക്കുളം റെയില്‍വേ ഗെയിറ്റ് അറ്റകുറ്റപ്പണികള്‍ക്കായി രണ്ട് ദിവസം അടച്ചിട്ടത്. എന്നാല്‍ പത്ത് ദിവസത്തെ അറ്റകുറ്റപ്പണികള്‍ കൂടെ ഗെയിറ്റില്‍ ഉണ്ടെന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് റെയില്‍വേ അറിയിച്ചത്.
ബുധനാഴ്ച മുതല്‍ പത്ത് ദിവസം ഗെയിറ്റ് അടച്ചിടുമെന്നായിരുന്നു അന്ന് റെയില്‍വേ അറിയിച്ചത്. എന്നാല്‍ ബുധനാഴ്ച ഗെയിറ്റ് അടച്ചിരുന്നില്ല. വ്യാഴാഴ്ച മുതലാണ് ഗെയിറ്റ് അടച്ചത്.
മുചുകുന്നിലെ എസ്.എ.ആര്‍.ബി.ടി.എം ഗവ. കോളേജിലെയും കൊയിലാണ്ടിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ വ്യാഴാഴ്ച മുതല്‍ യാത്രാദുരിതം അനുഭവിക്കുകയാണ്. കൂടാതെ മുചുകുന്ന് ഭാഗത്ത് നിന്ന് കൊയിലാണ്ടി, കോഴിക്കോട്, വടകര എന്നിവിടങ്ങളിലേക്ക് പോകേണ്ട യാത്രക്കാരും ഗെയിറ്റ് അടച്ചതോടെ പ്രയാസത്തിലായി.
നെല്യാടി റോഡിലൂടെ കൊല്ലം ടൗണിലെത്തിയാണ് ആളുകള്‍ ഇപ്പോള്‍ യാത്ര ചെയ്യുന്നത്. നേരത്തേ തന്നെ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന കൊല്ലം ടൗണില്‍ ദേശീയപാതയിലും നെല്യാടി റോഡിലും ഗതാഗതക്കുരുക്ക് ഇതോടെ രൂക്ഷമായി.
മുചുകുന്ന് റോഡില്‍ നിന്ന് നെല്യാടി റോഡിലേക്കുള്ള ചെറു റോഡുകളെല്ലാം തകര്‍ന്ന നിലയിലാണ്. മാത്രമല്ല, വീതി കുറഞ്ഞ ഈ റോഡുകളിലൂടെ വളരെ ബുദ്ധിമുട്ടി വേണം വാഹനങ്ങള്‍ കടന്ന് പോകാന്‍.
തുടര്‍ച്ചയായി പത്ത് ദിവസം റെയില്‍വേ ഗെയിറ്റ് അടച്ചിടുന്നത് കേട്ടുകേള്‍വിയില്ലാത്ത നടപടിയാണെന്നാണ് യാത്രക്കാര്‍ പറയുന്നത്. അറ്റകുറ്റപ്പണി എത്രയും വേഗം തീര്‍ത്ത് ഗെയിറ്റ് ഉടന്‍ തുറന്ന് നല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.