‘കഴിഞ്ഞ വര്‍ഷം നഷ്ടപ്പെട്ട കോഴിക്കോടിന്റെ കലാകിരീടം ഈ വര്‍ഷം നമുക്ക് തിരികെ പിടിക്കണം’; കൊയിലാണ്ടി ഉപജില്ലാ കലോത്സവത്തിന് ഔപചാരികമായി തിരി തെളിഞ്ഞു, ഉദ്ഘാടന ചടങ്ങിന്റെ വീഡിയോ കാണാം
സ്വന്തം ലേഖകൻ
കൊയിലാണ്ടി: കലയുടെ ലഹരി സിരകളില്‍ നിറച്ചുകൊണ്ട് ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയില്‍ നടക്കുന്ന ഉപജില്ലാ കലോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നടന്നു. എം.എല്‍.എ കാനത്തില്‍ ജമീലയാണ് കലോത്സവം വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തത്. സ്റ്റേഡിയം ഗ്രൗണ്ടില്‍ ഒരുക്കിയ വേദി രണ്ടിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്.
കഴിഞ്ഞ വര്‍ഷം നഷ്ടപ്പെട്ട സംസ്ഥാന തലത്തിലെ കോഴിക്കോട് ജില്ലയുടെ കലാകിരീടം ഇത്തവണ തിരികി പിടിക്കാന്‍ നമ്മുടെ കുട്ടികള്‍ക്ക് കഴിയട്ടെ എന്ന് കലാമേള ഉദ്ഘാടനം ചെയ്ത് കൊണ്ട് എം.എല്‍.എ പറഞ്ഞു. സ്കൂളുകള്‍ പോലും അടഞ്ഞ് കിടന്ന കോവിഡ് മഹാമാരി ഭീതി പടര്‍ത്തിയ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന കലാമേളയാണ് ഇത്.
വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരുമെല്ലാം നെഞ്ചിലേറ്റുന്ന പരിപാടിയാണ് ഉപജില്ലാ കലാമേളയെന്നും എം.എല്‍.എ പറഞ്ഞു. ലഹരി എന്ന വിപത്തിനെ നേരിടാന്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരുമെല്ലാം ഒന്നിച്ച് നില്‍ക്കണമെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.
നഗരസഭാ അധ്യക്ഷ സുധ കിഴക്കെപാട്ട് ചടങ്ങില്‍ അധ്യക്ഷയായി. അധ്യാപകനും പ്രശസ്ത കവിയുമായ വീരാന്‍ കുട്ടി മുഖ്യാതിഥിയായി. മേളയ്ക്ക് ആതിഥേയത്വം വഹിക്കുന്ന കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിന്റെ പ്രിന്‍സിപ്പാള്‍ വത്സല സ്വാഗതം പറഞ്ഞു.
നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നിജില പറവക്കൊടി, കൊയിലാണ്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സുധ, നഗരസഭാ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഇ.കെ.അജിത്ത്, കൗണ്‍സിലര്‍മാരായ ലളിത, രത്നവല്ലി, വി.പി.ഇബ്രാഹിംകുട്ടി, കെ.കെ.വൈശാഖ്, പി.ടി.എ പ്രസിഡന്റ് വി.സുചീന്ദ്രന്, വി.എച്ച്.എസ്.സി പ്രിന്‍സിപ്പാള്‍ ബിജേഷ് ഉപ്പാലക്കല്‍, പ്രധാനാധ്യാപിക നിഷ, എ.ഇ.ഒ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് മനോജ് എന്നിവര്‍ പങ്കെടുത്തു.
വിദ്യാര്‍ത്ഥികളുടെ ഗാനാലാപനത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. വേദിയില്‍ മത്സരങ്ങള്‍ നടക്കാനുള്ളതിനാല്‍ വളരെ ഹ്രസ്വമായാണ് ഉദ്ഘാടന ചടങ്ങ് നടത്തിയത്. സ്റ്റേജ് ഇതര മത്സരങ്ങള്‍ തിങ്കളാഴ്ച തന്നെ ആരംഭിച്ചെങ്കിലും സ്റ്റേജ് മത്സരങ്ങള്‍ ആരംഭിക്കുന്ന ചൊവ്വാഴ്ചയാണ് ഉപജില്ലാ കലാമേളയുടെ ഔപചാരിക ഉദ്ഘാടനം നടന്നത്. കൊയിലാണ്ടിക്ക് വര്ണ്ണചാരുതയേകിക്കൊണ്ട് രണ്ട് നാള് കൂടി ഉപജില്ലാ കലാമേള ഉണ്ടാകും.
News Inputs, Photos & Video: Astha Juktha R.S, Sapthami C.V (Media Club, GVHSS Koyilandy)