കാക്കയ്ക്ക് കറുപ്പ് നിറം കിട്ടിയ കഥ | കഥാനേരം 4


കഥ കേള്‍ക്കാനായി ക്ലിക്ക് ചെയ്യൂ…

കാക്കയ്ക്ക് പണ്ട് വെളുവെളുത്ത വെളുപ്പ് നിറമായിരുന്നത്രേ! പിന്നെങ്ങനെയാണ് കാക്ക കറുപ്പ് നിറമായതെന്നല്ലേ? ആ കഥ വായിച്ചോളൂ!
ഒരിക്കല്‍ കാക്ക കാട്ടില്‍ പറന്ന് നടക്കേ, കാടിന് നടുവില്‍ നൃത്തം ചെയ്യുകയായിരുന്ന മയിലിനെ കണ്ടു. മയിലിന്റെ പീലിയും ഭംഗിയും കണ്ട കാക്കയ്ക്ക് കൊതിയായി. തനിക്കും അത് പോലെ വര്‍ണാഭംഗിയുള്ള തൂവലുകളുണ്ടായിരുന്നെങ്കില്‍! അവന്‍ ആശിച്ചു.
എങ്ങിനെയാണ് മയിലിനെപ്പോലെ വര്‍ണ്ണമുള്ള പീലികള്‍ കിട്ടുക? അവന്‍ ആലോചിച്ചു. അപ്പോഴാണ് അവന്‍ മൂങ്ങയാശാനെ ഓര്‍മ്മ വന്നത്. കാട്ടിലെ വിവിധ പരിപാടികള്‍ക്ക് വര്‍ണ്ണാലങ്കാരം നടത്താറുള്ള മൂങ്ങയാശാന് തനിക്ക് നിറം കിട്ടാനുള്ള വിദ്യ അറിയുമായിരിക്കും. കാക്ക കരുതി.
അവന്‍ നേരെ മൂങ്ങയാശാനെ കാണാന്‍ പുറപ്പെട്ടു. കാക്കയുടെ ആവശ്യം കേട്ട മൂങ്ങയാശാന്‍ പറഞ്ഞു.
“എടോ തനിക്ക് പ്രകൃതി തന്ന നിറം തന്നെ പോരേ? വെറുതെ പ്രകൃതിക്ക് വിരുദ്ധമായി ചെയ്താല്‍ അത് ചിലപ്പോള്‍ ദോഷം ചെയ്യും”
കാക്കയുണ്ടോ സമ്മതിക്കുന്നു. അവന്‍ നിര്‍ബന്ധം പിടിച്ചു.
“ശരി. നീ പോയി നാളെ രാത്രി വരൂ. ഞാന്‍ നിനക്കുള്ള നിറങ്ങള്‍ ശരിയാക്കി വെക്കാം”. മൂങ്ങയാശാന്‍ പറഞ്ഞു.
കാക്ക ഒരു വിധത്തിലാണ് നേരം വെളുപ്പിച്ചത്. രാത്രി ചെല്ലാനാണ് മൂങ്ങയാശാന്‍  പറഞ്ഞിരുന്നതെങ്കിലും അവന്‍ പകല്‍ തന്നെ സ്ഥലത്തെത്തി.
കാക്കയുടെ ധൃതി കണ്ട് മൂങ്ങയാശാന്‍  വേഗം ഒരു വലിയ പാത്രത്തില്‍ ചായം കലക്കി. പക്ഷേ, പകല്‍ സമയം ശരിക്ക് കണ്ണു കാണാത്തതിനാല്‍ മൂങ്ങയാശാന്‍  കലക്കിയ നിറങ്ങള്‍ മാറിപ്പോയത് മൂങ്ങയാശാന്‍ അറിഞ്ഞതേയില്ല. .
ചായം തയ്യാറായതും മൂങ്ങയാശാന്‍ കാക്കയോട് അതില്‍ ഒന്നു നന്നായി മുങ്ങി വരാന്‍ പറഞ്ഞു. കേട്ടതും കാക്ക ആ ചായ പാത്രത്തില്‍ ചാടി മുങ്ങി. മുങ്ങിയെണീറ്റ കാക്ക ഞെട്ടിപ്പോയി. തന്റെ ശരീരത്തിന് നല്ല കറുപ്പ് നിറം!
കാക്കയ്ക്ക് ദേഷ്യം സഹിക്കാനായില്ല.
“എടാ കള്ള മൂങ്ങേ! നീയെന്നെ പറ്റിച്ചല്ലേ? നിന്നെ ഞാന്‍ വെറുതെ വിടില്ല.” അവന്‍ മൂങ്ങയാശാന് നേരെ ചെന്നു.
അബദ്ധം മനസ്സിലായ മൂങ്ങയാശാന്‍ പെട്ടെന്ന് തന്നെ പറന്നകന്നു. ഒരു വിധത്തിലാണ് മൂങ്ങയാശാന്‍  കാക്കയില്‍ നിന്നും രക്ഷപ്പെട്ടത്.
അങ്ങിനെയാണത്രെ കാക്കയ്ക്ക് കറുപ്പ് നിറം കിട്ടിയത്. മൂങ്ങയാശാന്‍  ചതിച്ചതാണെന്ന് വിശ്വസിച്ച കാക്ക പിന്നീട് തരം കിട്ടുമ്പോഴെല്ലാം മൂങ്ങയെ ആക്രമിക്കും!