”നീയെന്താ പെണ്ണിനെപ്പോലെ നടക്കുകയാണോ? നീയെന്താ ബ്ലൂ ഫിലിമില്‍ അഭിനയിക്കാനാണോ വരുന്നത്?” ഇറക്കം കുറഞ്ഞ പാന്റ് ധരിച്ചതിന് വടകരയിലെ സ്വകാര്യ സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ അധിക്ഷേപിച്ചതായി വിദ്യാര്‍ഥിയുടെ പരാതി


വടകര: യൂണീഫോം പാന്റിന്റെ നീളം പോരെന്നും ഇറുകിയ വസ്ത്രം ധരിച്ചെന്നും ആരോപിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥിയെ അപമാനിച്ചെന്ന് പരാതി. കണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയെയാണ് വടകരയിലെ ഒരു സ്വകാര്യ സ്‌കൂളിലെ പ്രിന്‍സിപ്പള്‍ അപമാനിച്ചത്.

മൂന്നുദിവസം മുമ്പായിരുന്നു സംഭവമെന്ന് വിദ്യാര്‍ഥി പറയുന്നു. ”നിയ്യെന്താണ് മുടിയെല്ലാം നീട്ടി നീളം കുറഞ്ഞ പാന്റെല്ലാം ഇട്ട് നടക്കുന്നത്? നിയ്യെന്താ പെണ്ണായി നടക്കാന്‍ നോക്കുകയാണോ ? ഇങ്ങനെ നടന്നാല്‍ പെണ്ണാകുകയുമില്ല. നിയ്യെന്താ ബ്ലൂ ഫിലിമില്‍ അഭിനയിക്കാന്‍ പോകുകയാണോ” എന്നാണ് പ്രിന്‍സിപ്പാള്‍ ചോദിച്ചതെന്നാണ് വിദ്യാര്‍ത്ഥി പറയുന്നത്. മോശമായ പദപ്രയോഗവും പ്രിന്‍സിപ്പാളിന്റെ ഭാഗത്തുനിന്നുണ്ടായതായി വിദ്യാര്‍ഥി ആരോപിച്ചു.

പിതാവിന്റെ ജോലി അന്വേഷിച്ച പ്രിന്‍സിപ്പള്‍, ഗള്‍ഫിലാണെന്ന് അറിഞ്ഞതോടെ, ഹോള്‍ലിക്‌സും പഴവും വെട്ടിവിഴുങ്ങിയിട്ട് വരുന്നതാണല്ലേ എന്നും പറഞ്ഞു. അലവലാതിയെന്ന് വിളിച്ചാണ് പ്രിന്‍സിപ്പള്‍ മറ്റുകുട്ടികളുടെ മുന്നില്‍ വെച്ച് അധിക്ഷേപം തുടങ്ങിയതെന്നും വിദ്യാര്‍ത്ഥി വിശദീകരിച്ചു.

അപമാനം കാരണം കഴിഞ്ഞ മൂന്ന് ദിവസമായി കുട്ടി ക്ലാസില്‍ പോകുന്നില്ല. മകന്‍ ക്ലാസില്‍ പോകാതിരുന്നിട്ടും സ്‌കൂള്‍ അധികൃതര്‍ അന്വേഷിക്കുന്നില്ലെന്ന് രക്ഷിതാവും പറഞ്ഞു. സ്‌കൂള്‍ തുറന്നതുമുതല്‍ മകന്‍ ഈ യൂണിഫോം ധരിച്ചുതന്നെയാണ് സ്‌കൂളില്‍ പോയിരുന്നത്. ഇതുവരെ ഒരു അധ്യാപകരും പരാതി പറഞ്ഞിട്ടില്ലെന്നും ആദ്യമായാണ് യൂണിഫോമിന്റെ പേരില്‍ അധിക്ഷേപം നേരിടേണ്ടിവന്നതെന്നും വിദ്യാര്‍ഥി പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് വടകരയിലെ ശ്രീഗോകുലം പബ്ലിക് സ്‌കൂളിനെതിരെ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയിരിക്കുകയാണ് വിദ്യാര്‍ഥിയുടെ കുടുംബം. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ വിദ്യാര്‍ഥിയുടെ മൊഴിയെടുത്തിരുന്നു.

summary: head mistress shaimed the student at school